തിരുവനന്തപുരം: മുന്നാക്ക സമുദായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് പ്രത്യേക ഭരണാനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കേരളകൗമുദിയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരാണ് ഇത് നടപ്പാക്കിയത്. അത് നടന്നുവരുന്ന പദ്ധതിയാണ്. ഇൗ വർഷം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി തുക അനുവദിക്കുന്ന നടപടികളാണ് നടന്നുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അതത് വകുപ്പുകളിൽ നീക്കിയിരുപ്പുള്ള തുക ഉപയോഗിച്ച് നടപ്പ് പദ്ധതികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വകുപ്പുകളിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ മാത്രമാണ് കൂടുതൽ ധനാനുമതി നൽകേണ്ടിവരിക. മുന്നാക്ക സമുദായ വിദ്യാർത്ഥി സ്കോളർഷിപ്പിൽ അത്തരം സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പിന്നാക്ക സ്കോളർഷിപ്പിന് ട്രഷറി നിയന്ത്രണമില്ല, തടസം കേന്ദ്രനിലപാട്
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്ന പ്രശ്നത്തിൽ ട്രഷറി നിയന്ത്രണം തടസമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇക്കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടായത് കേന്ദ്രസർക്കാരിന്റെ പ്രതികൂല നിലപാട് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് 50 ശതമാനം കേന്ദ്രവിഹിതവും 50 ശതമാനം സംസ്ഥാന വിഹിതവും ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2016-17 ൽ 21.06 കോടി രൂപയും 2017-18 ൽ 28.65 കോടി രൂപയും ഘട്ടംഘട്ടമായി നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ 2016-17 ൽ 4.64 കോടി രൂപയും 2017-18 ൽ 5.21 കോടി രൂപയും മാത്രമാണ് നൽകിയത്. സംസ്ഥാന വിഹിതം ബഡ്‌ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. കേന്ദ്രവിഹിതം 50 ശതമാനം ലഭിക്കുമെന്ന അനുമാനത്തിൽ അതിന് ആവശ്യമായ സാങ്കേതികനടപടികളും കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ ഇതേവരെ കേന്ദ്രസർക്കാർ നൽകിയത് മുൻവർഷങ്ങളിലെ പോലെ 4.5 കോടി രൂപ മാത്രമാണ്. എന്നാൽ നമ്മുടെ ഞെരുക്കം ഈ സ്‌കോളർഷിപ്പിനെയും ബാധിക്കരുത് എന്നതാണ് സംസ്ഥാന സർക്കാരിന്റെ സമീപനം. ഈ വർഷം 25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലാണ് ബന്ധപ്പെട്ട വകുപ്പ് ധനകാര്യ വകുപ്പിന് നൽകിയിട്ടുള്ളത്. ഇത് പരിശോധിച്ച് ഇപ്പോൾ ആവശ്യമായ തുക ഇന്നു തന്നെ അനുവദിച്ച് അറിയിപ്പ് നൽകാൻ ധനസെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.