തിരുവനന്തപുരം : അണ്ടർ 17 ഫുട്ബാൾ ലോകകപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മലയാളിതാരം കെ.പി. രാഹുൽ അടുത്ത സീസൺ മുതൽ ഐ.എസ്.എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സിൽ കളിക്കും. യുവ ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ രൂപീകരിച്ച ഐ ലീഗ് ക്ളബ് ഇന്ത്യൻ ആരോസിൽ നിന്നാണ് രാഹുൽ ബ്ളാസ്റ്റേഴ്സിലേക്ക് എത്തുന്നത്. തൃശൂർ സ്വദേശിയാണ് രാഹുൽ.
അണ്ടർ 17 ലോകകപ്പ് കളിച്ചവരിൽ ബ്ളാസ്റ്റേഴ്സിലേക്ക് എത്തുന്ന അഞ്ചാമത്തെ താരമാണ് കെ.പി. രാഹുൽ. ഗോൾ കീപ്പർ ധീരജ് സിംഗ്, മൊഹമ്മദ് റാക്കിപ്, നൊംഗ്ഡാംബ നാവോറം, ജീക്ക് സൺ സിംഗ് എന്നിവരാണ് രാഹുലിന് മുന്നേ എത്തിയവർ.
കഴിഞ്ഞ രണ്ട് സീസണുകളായി ഇന്ത്യൻ ആരോസിന്റെ കുന്തമുനയാണ് ഈ മലയാളി ഫോർവേഡ്. തന്റെ ആദ്യ ഐ ലീഗ് സീസണിൽ 17 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിരുന്നു.
ഇക്കഴിഞ്ഞ ഐ ലീഗ് സീസണിൽ മൂന്ന് ഗോളുകൾ രാഹുൽ സ്കോർ ചെയ്തു. ഇന്ത്യൻ ആരോസിനെ എട്ടാം സ്ഥാനത്ത് എത്തിച്ചതിൽ രാഹുലിന്റെ പ്രയത്നവും നിർണായകമായി.
ഈ സീസണിൽ ഗോകുലം കേരളയ്ക്കെതിരെ കോഴിക്കോട്ട് നടന്ന ഐ ലീഗ് മത്സരത്തിൽ രാഹുലിന്റെ ഗോൾ ആരാധകരുടെ മനം കവർന്നിരുന്നു.
കഴിഞ്ഞ ദിവസം സൂപ്പർ കപ്പ് ക്വാളിഫയറിൽ കേരള ബ്ളാസ്റ്റേഴ്സിനെതിരെയും രാഹുൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
അടുത്ത സീസൺ ലക്ഷ്യമിട്ട് പുതിയ സി.ഇ.ഒ വിരേൻ ഡിസിൽവ യുവതാരങ്ങളെ ക്ളബിലെത്തിക്കുന്നതിന്റെ ഭാഗമായാണ് രാഹുലും മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.