k-muraleedhran-

തിരുവനന്തപുരം: എൽ.ഡി.എഫിന് മേൽകൈയുള്ള വടകരയിൽ മത്സരിക്കാൻ ഭയമില്ലെന്നും ഒരുപാട് ചോരവീണു കുതിർന്ന വടകരയിലെ കണ്ണീരുണങ്ങാത്ത അമ്മമാരുടെ അനുഗ്രഹം തനിക്കുണ്ടാകുമെന്നും കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. വട്ടിയൂർക്കാവ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി ചർച്ചകളിൽ ഹൈക്കമാൻഡ് ക്ഷണിച്ചിട്ടും മനപൂർവം പോകാതെ മാറി നിൽക്കുകയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് ഉമ്മൻചാണ്ടിയാണ് മത്സരിക്കാമോ എന്ന് ചോദിച്ചത്. പാർട്ടിക്ക് വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെ രമേശ് ചെന്നിത്തലയും തന്നെ വിളിച്ച് സ്ഥാനാർത്ഥിയാകാൻ തയാറാണോ എന്ന് ചോദിച്ചു. തുടർന്നാണ് പ്രഖ്യാപനം വന്നത്. എതിർസ്ഥാനാർത്ഥി ആരെന്നത് പ്രശ്നമല്ല. ജയിക്കുമെന്നു ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് നാരായണൻ നായർ അദ്ധ്യക്ഷനായിരുന്നു.
കേരളത്തിലെ 20 സീറ്റുകളിലേതിലും മത്സരിപ്പിക്കാൻ യോഗ്യതയും വിജയസാദ്ധ്യതയുമുള്ള നേതാവാണ് മുരളീധരനെന്ന് ഡോ. ശശി തരൂർ പറഞ്ഞു. ഡി.സിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡോ. ബി.എസ്. ബാലചന്ദ്രൻ, ശാസ്തമംഗലം മോഹനൻ, പി.കെ. വേണുഗോപാൽ, മോളി സ്റ്റാൻലി, മണ്ണാമൂല രാജൻ എന്നിവർ പങ്കെടുത്തു.