മുംബയ് : 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ 48 ടീമുകളെ മത്സരിപ്പിക്കാനുള്ള നീക്കത്തോട് യോജിപ്പില്ലെന്ന് മുൻ സ്പാനിഷ് ഇന്റർനാഷണൽ ഷാവി ഹെർണാണ്ടസ്. 32 ടീമുകൾ ഉൾക്കൊള്ളുന്ന ലോകകപ്പ് നടത്താനാണ് ഖത്തർ തയ്യാറെടുത്തിരിക്കുന്നതെന്നും അവസാന നിമിഷം ടീമുകളുടെ എണ്ണം കൂട്ടുന്നത് താളംതെറ്റിക്കുമെന്നും ഇന്ത്യൻ സന്ദർശനത്തിനെത്തിയ ഷാവി മുംബെയ്യിൽ പറഞ്ഞു. മത്സരങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് കാണികൾക്ക് മടുപ്പുണ്ടാക്കുമെന്നും ഷാവി ചൂണ്ടിക്കാട്ടി. ലോകകപ്പ് സംഘാടകർ മുംബയ്യിൽ ഒരുക്കിയ പ്രമോഷൻ ഇവന്റിൽ പങ്കെടുക്കാനാണ് ഷാവിയെത്തിയത്.
ലോകകപ്പും യൂറോ കപ്പും നേടിയ സ്പാനിഷ് ടീമിന്റെ മിഡ്ഫീൽഡ് കരുത്തായിരുന്നു ഷാവി. ദീർഘനാൾ ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ച ഷാവി ഇപ്പോൾ ഖത്തർ ക്ളബ് അൽ സാദിന് വേണ്ടിയാണ് കളിക്കുന്നത്. 2016 മുതൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ള ജനറേഷൻ അമേസിംഗ് എന്ന സംഘടനയുടെ ബ്രാൻഡ് അംബാസഡറാണ് ഷാവി. ഇന്നലെ മുംബെയ്ലെത്തിയ അദ്ദേഹം കുട്ടികൾക്കൊപ്പം ഫുട്ബാൾ കളിക്കാനും നേരം കണ്ടെത്തി.
ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടെന്ന് ഷാവി പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരു എഫ്.സിയും എഫ്.സി ഗോവയും തമ്മിലുള്ള ഫൈനൽ കണ്ടിരുന്നു.
ഫിഫയും 48 ടീം ലോകകപ്പും
ഫിഫ തലവൻ ജിയോവന്നി ഇൻഫാന്റീനോയുടെ സ്വപ്ന പദ്ധതിയാണ് 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്. 2026 ൽ നടക്കുന്ന ലോകകപ്പിൽ 48 ടീമുകളെ പങ്കെടുിപ്പിക്കുന്നതിൽ ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പ് നടത്തുന്നത്.
നിലവിൽ 32 ടീമുകൾ വച്ചാണ് ലോകകപ്പ് നടത്തുന്നത്. 16 ടീമുകളെ കൂടി ഉൾപ്പെടുത്താനാണ് ഫിഫയുടെ പദ്ധതി. 2022 ലെ ഖത്തർ ലോകകപ്പിലും 48 ടീമുകളെ ഉൾപ്പെടുത്താനുള്ള സാദ്ധ്യതകൾ ഫിഫ തേടുകയാണ്. എന്നാൽ സംഘാടകരായ ഖത്തറിന് ഇതിന് അനുകൂലമായ നിലപാടല്ല.
ഖത്തറിനൊപ്പം യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി സംയുക്ത ആതിഥേയരാക്കി ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഫിഫയുടെ ആലോചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടായേക്കും.