മുംബയ് : ഇംഗ്ളണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലെ തലവേദനയാണ് നാലാം നമ്പർ സ്ഥാനം. ഫസ്റ്റ് ഡൗണായി ഇറങ്ങുന്ന വിരാട് കൊഹ്‌ലിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷവും കൃത്യമായ ഉത്തരം ഇന്ത്യൻ ടീം മാനേജ്മെന്റിനും സെലക്ടർമാർക്കും ലഭിച്ചിട്ടില്ല.
മഹേന്ദ്രസിംഗ് ധോണി, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, അമ്പാട്ടി റായ്ഡു, കേദാർ യാദവ്, വിജയ് ശങ്കർ തുടങ്ങിയവരാെക്കെ ഈ സ്ഥാനത്തേക്ക് പരീക്ഷിച്ചുകഴിഞ്ഞു. എന്നാൽ സ്ഥിരത പുലർത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.
നാലാം നമ്പർ പൊസിഷനിൽ ആൾ റൗണ്ടർ വിജയ് ശങ്കർ ആയിരിക്കും ലോകകപ്പിൽ ഉണ്ടാവുകയെന്നതാണ് ഒടുവിൽ ലഭിക്കുന്ന വാർത്ത. 2003 ലോകകപ്പിൽ ദിനേഷ് മോംഗിയയെ പരീക്ഷിച്ചതുപോലെയൊരു അപ്രതീക്ഷിത നീക്കമായാകും വിജയ്ക്ക് അവസരം നൽകുകണ ബൗളിംഗിൽ കൂടി ഉപയോഗപ്പെടുത്താം എന്നതാണ് വിജയ് ശങ്കറിന്റെ പ്ളസ് പോയിന്റ്. ഐ.പി.എല്ലിന്റെ ആദ്യ ആഴ്ചകളിൽ മികവ് പുലർത്താൻ വിജയ് ശങ്കറിന് കഴിഞ്ഞാൽ ലോകകപ്പ് സ്ഥാനം ഉറപ്പാക്കാം എന്നാണ് ബി.സി.സി.ഐയ്ക്കുള്ളിലെ വർത്തമാനം. ഏപ്രിൽ 15 നും 20 നും ഇടയിൽ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും.