assault

നെടുമങ്ങാട്: വിദ്യാർത്ഥിനിയെ കൈയേറ്റം ചെയ്തെന്നാരോപിച്ച് ഒരുസംഘം വിദ്യാർത്ഥികൾ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ അക്രമം കാട്ടി.മർദ്ദനത്തിൽ ഒരു വനിതാ പൊലീസിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് പത്താംക്ലാസ് വിദ്യാർത്ഥിനിയെയും പനവൂരിലെ സ്വകാര്യ കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ അൽത്താഫിനെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഡ്യൂട്ടി തടസപ്പെടുത്തിയതിനാണ് കേസ്.ഡിപ്പോ ജീവനക്കാരെ മർദ്ദിച്ചതിന് കണ്ടാലറിയാവുന്ന മറ്റു ചില വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തു.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അക്രമമുണ്ടായത്. ഡിപ്പോയിൽ ഏറെനേരം തങ്ങിയ പെൺകുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ സീനത്ത് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.സീനത്തും വിദ്യാർത്ഥിനിയും തമ്മിൽ വാക്കേറ്റമായതോടെ തടിച്ചു കൂടിയ യൂണിഫോമണിഞ്ഞ ആൺകുട്ടികൾ പൊലീസുകാരിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു.ഡിപ്പോയിലെ ഡ്രൈവർ സിയാദ്, പേരൂർക്കട ഡിപ്പോയിലെ കണ്ടക്ടർ കെ.എസ്. ബൈജു എന്നിവർ ഇത് തടഞ്ഞു.വിദ്യാർത്ഥികൾ വളഞ്ഞതോടെ ഡിപ്പോയിലെ സെക്യൂരിറ്റി റൂമിലേയ്ക്ക് ഓടിയ സിയാദിനെയും ബൈജുവിനെയും പിന്നാലെയെത്തിയ വിദ്യാർത്ഥി സംഘം മർദ്ദിച്ചതായും പരാതിയുണ്ട്.വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിലെ മേശയും ഇരിപ്പിടങ്ങളും വലിച്ചെറിഞ്ഞു.ബൈജുവിന്റെ ഇടതുകണ്ണിനും നെഞ്ചിനും സാരമായ പരിക്കേറ്റു. ഇരുവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.പെൺകുട്ടിയെയും അൽത്താഫിനെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.സംഭവത്തെ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നോർത്ത് ജില്ലാ കമ്മിറ്റി അപലപിച്ചു. ജീവനക്കാരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി. ഷൈജുമോൻ ആവശ്യപ്പെട്ടു.