ഹരിപ്പാട്: ജിംനേഷ്യത്തിൽ പാർട്ണർ ആക്കാമെന്നും മറ്റും വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി അര കോടിയോളം രൂപയും 40 പവനും തട്ടിയെടുത്ത കേസിൽ യുവതി മുങ്ങി. ഭർത്താവ് റിമാൻഡിൽ. ആനാരി സ്വദേശി ജയന്തിയാണ് മുങ്ങിയത്. ഇവരുടെ ഭർത്താവ് ഉദയനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണം വേണ്ടവിധം നടക്കുന്നില്ലെന്ന് തട്ടിപ്പിനിരയായവർ ആരോപിക്കുന്നു.
തട്ടിപ്പിനിരയായ പത്തോളം പേരാണ് ഇതുവരെ പരാതി നൽകിയത്. ചെറുതന ഇടയൻതുരുത്ത് വീട്ടിൽ ജയകൃഷ്ണന്റെ 6.50 ലക്ഷം രൂപ, മുട്ടം തെക്കൻ കോവിൽ പത്മകുമാരിയുടെ 10 ലക്ഷം, ആനാരി വാക്കയിൽ പ്രസന്നയുടെ മൂന്ന് ലക്ഷം രൂപയും, ഏഴ് പവൻ ആഭരണങ്ങളും, വാക്കയിൽ ഗംഗയുടെ 2.30 ലക്ഷം, ഹരിപ്പാട് ഉത്രാടം വീട്ടിൽ സുലജയുടെ 6.70 ലക്ഷം രൂപ എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയത്.
ആയാപറമ്പിലും മുതുകുളത്തും മൾട്ടി ജിംനേഷ്യം നടത്തിക്കൊണ്ടിരുന്ന യുവതി ഇവയുടെയും വീടുപണിയുടെയും ഭർത്താവിന്റെ ചികിത്സയുടെയും പേര് പറഞ്ഞാണ് ലക്ഷങ്ങൾ കൈക്കലാക്കിയത്. കടം വാങ്ങിക്കുന്ന തുക ആദ്യമൊക്കെ കൃത്യമായി തിരികെ നൽകി വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമാണ് വൻതുകയും സ്വർണവും കൈക്കലാക്കി മുങ്ങിയത്. ഒപ്പിട്ട ചെക്കും വിശ്വാസത്തിനായി നൽകി. നേരിട്ട് പണമായും മറ്റ് ചിലരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുമാണ് പണം കൈപ്പറ്റിയത്.