kf-photo

കോട്ടയം: ബംഗളൂരു അഗ്രഹാര ജയിലിൽ വച്ചാണ് അലക്സ് സൂര്യയും റൗഫും പരിചയത്തിലായത്. മലയാളിയാണെങ്കിലും ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ക്രിമിനലാണ് അലക്സ് സൂര്യ. കണ്ണൂർ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവാണ് റൗഫ്. കേരളത്തിലേക്ക് ക്ഷണിക്കുകയും അവിടം

തട്ടിപ്പിന് പറ്റിയ മണ്ണാണെന്ന് അറിയുകയും ചെയ്തതോടെ റൗഫിനൊപ്പം അലക്സും മാവേലിക്കരയിലെത്തി. വാടകയ്ക്ക് വീടെടുത്ത് താമസമാക്കി. മീൻ കച്ചവടക്കാന്റെ വേഷമിട്ടായിരുന്നു റൗഫിന്റെ ഓപ്പറേഷൻ. ഒരു മാസത്തിനുള്ളിൽ ഒരു ഡസനിലേറെ വീടുകളാണ് ഇരുവരും ചേർന്ന് കൊള്ളയടിച്ചത്. ഇതിനിടയിൽ ഒരിക്കൽ പോലും പിടിയിലായില്ലെന്നത് വീണ്ടും കൊള്ള നടത്താൻ അവർക്ക് പ്രചോദനമായി.

എന്നാൽ, ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാപള്ളിയിൽ പാതിരാത്രിയിൽ വൈദികരെ പൂട്ടിയിട്ട് ആറു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ ഇരുവരും അഴിക്കുള്ളിലായി. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് ഇവർ പള്ളിയിൽ നിന്ന് പണവുമായി പുറത്തിറങ്ങിയത്. ചങ്ങനാശേരി സി.ഐ എൻ.രാജന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവരെ ഒരാഴ്ചക്കുളളിൽതന്നെ പിടികൂടാനായത്. 200ലധികം സി.സി.ടി.വികൾ പരിശോധിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. കൂടാതെ സംശയമുള്ള സ്ഥലങ്ങളിലെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് 55,000 ലധികം കോളുകളും പരിശോധിച്ചിരുന്നു.

സംഭവശേഷം ബംഗളൂരുവിലേക്ക് പോയ അലക്സ് വീണ്ടും എത്തുന്നത് കാത്തിരിക്കുകയായിരുന്നു ചങ്ങനാശേരി പൊലീസ്. ഇതിനിടയിൽ മാവേലിക്കരയിലെ ഒരു പള്ളിയിൽ തൃക്കൊടിത്താനം പള്ളിയുടേതിന് സമാനമായ കൊള്ള നടത്താൻ റൗഫ് പദ്ധതി തയാറാക്കിയിരുന്നു. ഇതിനാണ് അലക്സ് മാവേലിക്കരയിൽ എത്തിയതും പൊലീസിന്റെ വലയിൽ കുടുങ്ങിയതും.

അലക്സ് ധാരാളി ബിസിനസ് 'ലഹരി '

കൊള്ള നടത്തികിട്ടുന്ന ലക്ഷങ്ങൾ ചെലവഴിക്കാൻ അലക്സിന് അധിക ദിവസങ്ങൾ വേണ്ട. അത്രയ്ക്കും ധാരാളിയാണ് അലക്സ്. സ്റ്റാർ ഹോട്ടലുകളിൽ മാത്രമേ താമസിക്കുകയുള്ളു. മുന്തിയ വിദേശമദ്യമേ കുടിക്കൂ. അന്തിയുറങ്ങാൻ സുന്ദരികളുടെ കൂട്ട്. കന്നടയിലെ സിനിമ - സീരിയൽ നടികളോടൊപ്പമാണ് ഏറെയും കഴിഞ്ഞിരുന്നതെന്നാണ് അലക്സ് പൊലീസിനോട് പറഞ്ഞത്.

കൊള്ള നടത്തുക പ്രധാന ജോലിയാണെങ്കിലും 'ബിസിനസ്' രംഗത്തും അലക്സ് കേമൻ തന്നെ. ഒറിയയിൽ നിന്ന് കഞ്ചാവ് എത്തിക്കലായിരുന്നു പ്രധാന ബിസിനസ്. അത് ബംഗളൂരു, ചെന്നെ, ഗോവ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു കച്ചവടം. കഞ്ചാവ് മൊത്തകച്ചവടത്തോടൊപ്പം കൂടിയതരം മയക്കുമരുന്നുകളായ എൽ.എസ്.ഡി, എം.ഡി.എം.എ എന്നിവയുടെ വിപണനവും അലക്സ് നടത്തിയിരുന്നു.

മയക്കുമരുന്ന് കേസിൽ അടുഗോടി പൊലീസ് പിടികൂടിയ അലക്സിനെ അഗ്രഹാര ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണ് മോഷണത്തിന് ശിക്ഷിക്കപ്പെട്ട് റൗഫ് ജയിലിൽ എത്തുന്നത്. ഈ പരിചയമാണ് പീന്നീട് കൂട്ടു 'ബിസിനസിലേക്ക്' എത്തിച്ചത്. അലക്സിന്റെ പേരിൽ പതിനൊന്ന് മോഷണക്കേസുകളാണ് കർണാടക പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മീൻ കച്ചവടത്തിന്റെ മറവിൽ തൃക്കൊടിത്താനത്ത് എത്തിയ റൗഫ് ഏതാനും വീടുകൾ മോഷണത്തിനായി കണ്ടുവച്ചിരുന്നു. തുടർന്നാണ് അലക്സ് ബംഗളൂരുവിൽ നിന്നെത്തിയത്.

തൃക്കൊടിത്താനത്തെ മാസ്റ്റർ പ്ളാൻ

രാത്രി പത്തരയോടെ മാവേലിക്കരയിലുള്ള വീട്ടിൽ നിന്ന് രണ്ടു ബൈക്കുകളിലായി തിരിച്ച ഇവർ തൃക്കൊടിത്താനത്ത് കണ്ടുവച്ച വീടുകളിൽ വെളിച്ചം കണ്ടു. തുടർന്ന് ശ്രദ്ധിച്ചപ്പോൾ ആരും ഉറങ്ങിയിട്ടില്ലായെന്ന് മനസിലായി. അടുത്ത വീട്ടിലും ആളുകൾ ഉറങ്ങിയിരുന്നില്ല. തുടർന്ന് യാത്ര ചെയ്തപ്പോഴാണ് തൃക്കൊടിത്താനം പള്ളി ശ്രദ്ധയിൽപ്പെട്ടത്. വലിയ പള്ളിയായതിനാൽ നേർച്ചപ്പെട്ടിയിൽ കാര്യമായി എന്തെങ്കിലും കാണുമെന്ന് വിചാരിച്ചു. രാത്രി 1.30 ഓടെ ഇരുവരും ബൈക്കുകൾ പള്ളിയുടെ പുറത്തുവച്ചിട്ട് അകത്ത് കയറി. സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് പള്ളിമേടയുടെ ഒന്നാമത്തെ നിലയിലുള്ള വൈദികരുടെ മുറികളുടെ സാക്ഷകൾ പുറത്തുനിന്നും കുറ്റിയിട്ടത്. തുടർന്ന് പള്ളി ഓഫീസിൽ എത്തി. സ്റ്റീൽ അലമാരയുടെ പൂട്ടുകൾ തകർത്തു നോക്കിയപ്പോൾ ആറു ലക്ഷം രൂപയാണ് കണ്ടെത്തിയത്. അതും ബാഗിലിട്ട് 2.30ഓടെ പുറത്തിറങ്ങി. നേരെ മാവേലിക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു.തൃക്കൊടിത്താനം പള്ളി ഓഫീസിൽ നിന്നും ആവശ്യത്തിലധികം പണം കിട്ടിയതിനാലാണ് നേർച്ചപ്പെട്ടി തുറക്കാതിരുന്നതെന്ന് അലക്സ് ഡിവൈ.എസ്.പി രാജന് മൊഴി നൽകി. മൂന്നാഴ്ചയ്ക്കുള്ളിൽ റൗഫും അലക്സും ചേർന്ന് നിരവധി മോഷണങ്ങളാണ് നടത്തിയത്.