മലപ്പുറം: ആശങ്ക വിതച്ച വെസ്റ്റ് നൈൽ പനിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം മലപ്പുറത്ത്. എൻഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തിയത്. വെസ്റ്റ് നൈൽ ബാധിച്ച് മരിച്ച ആറ് വയസുകാരൻ മുഹമ്മദ് ഷാന്റെ വേങ്ങര എ.ആർ നഗറിലെ വീടിന് സമീപ പ്രദേശങ്ങളിലാണ് ആദ്യ പരിശോധന.

വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക, ഇത്തരം രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ നിർദ്ദേശിക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീനയുമായി വിദഗ്ധ സംഘം കൂടിക്കാഴ്ച നടത്തി. വെസ്റ്റ്നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിൾ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.