കൊച്ചി: യുവാവിനെ ജിമ്മിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടപ്പള്ളി സ്വദേശി ഡാറിൽ വാൻഡ്രിക് (24), കളമശേരി സ്വദേശികളായ ഇഖ്ബാൽ (21), ഫസൽ (21) എന്നിവരാണ് ഇന്നലെ പിടിയിലായത്. കേസിൽ ഇടപ്പള്ളി സ്വദേശികളായ രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എളമക്കര പൊലീസ് പറഞ്ഞു. എളമക്കര സ്വദേശിയായ അഖിലാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിന് കാരണം. പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. എസ്.ഐ ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.