കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയുന്നതിനാവശ്യമായ രേഖകളെല്ലാം കോൺഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു. പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനും മുൻ പ്രോസിക്യൂഷൻ ജനറൽ ടി.ആസിഫലിയും അടക്കമുള്ള ഒരു കമ്മറ്റിയെ തന്നെ കോൺഗ്രസ് നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ലോക്കൽ പൊലീസ് ആദ്യം നടത്തിയതും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തും നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു.
അതിനിടെ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഘത്തെ കാറിൽ കയറ്റി കൊണ്ടുപോയി രക്ഷപ്പെടുത്തിയതിന് അറസ്റ്റിലായ പെരിയ തന്നിത്തോട്ടെ എ. മുരളിയെ(36) കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി. വി.എം.പ്രദീപും സംഘവും കസ്റ്റഡിയിൽ വാങ്ങി.
യുവാക്കളെ കൊലപ്പെടുത്തുന്നതിന് അവരെ പിന്തുടർന്ന് നീക്കങ്ങൾ മറഞ്ഞിരുന്ന കൊലയാളി സംഘത്തിന് ഫോണിൽ കൈമാറിയ കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പെരിയ കണ്ണോത്ത് താനിത്തിങ്കലിൽ സി. രഞ്ജിത്ത് എന്ന അപ്പുവിനെ (24)ചോദ്യം ചെയ്തതിൽ നിന്ന് കൊലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇത് ഉറപ്പ് വരുത്തുന്നതിനാണ് മുരളിയെ കസ്റ്റഡിയിൽ വാങ്ങിച്ചതെന്നാണ് അറിയുന്നത്.