പത്തനാപുരം: നാടിനെ ഞെട്ടിച്ച് നാടുവിട്ട യുവതികളെയും കുട്ടികളെയും അടക്കം മുഴുവൻ പേരെയും പൊലീസ് സംഘം പാലക്കാട് നിന്ന് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പാലക്കാട് നാട്ടുകാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആലനല്ലൂർ നിന്ന് ഇന്നലെ പുലർച്ചെയോടെ കണ്ടെത്തിയത്.
കുന്നിക്കോട് സജീർ മൻസിലിൽ സജീറിന്റെ ഭാര്യ ഷെമീന (22), ഇവരുടെ മകൻ സിദാൻ (മൂന്ന്), കുന്നിക്കോട് റീജ മൻസിലിൽ റിയാസ് മനാഫിന്റെ ഭാര്യ സൽമ (23), ഇവരുടെ മക്കളായ റിയാൻ (ഒൻപത്), റിസ്വാൻ (ഏഴ്), റസൽ (അഞ്ച്) എന്നിവരെയാണ് കുന്നിക്കോട് നിന്ന് കാണാതായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പാലക്കാട്ടെത്തിയത്.
ആലനല്ലൂരിൽ വീട് വാടകയ്ക്കെടുത്ത് ഇവർ താമസിച്ചു വരുകയായിരുന്നു. യുവതികൾക്കൊപ്പം താമസിച്ചുവന്ന പാലക്കാട് സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെ നാട്ടിലെത്തിച്ച ഇവരെ കൊട്ടാരക്കര വനിതാ സെല്ലിന് കൈമാറി.