കോട്ടയം: ഹാഷിഷ് വലിക്കാൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്ഫടിക നിർമ്മിത ഉപകരണവും അരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. എരുമേലി ശാസ്താംകോയിക്കൽ വീട്ടിൽ ഷാഫിൻ സെയ്ദിനെയാണ് (29) എക്സൈസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹാഷിഷ് ഓയിൽ വലിക്കാനെത്തിയ കളപ്പറമ്പിൽ വീട്ടിൽ ആഷിക് മാഹിനെയും എക്സൈസ് പിടികൂടി ചോദ്യം ചെയ്തു. കോട്ടയം എക്സൈസ് നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാഫിനെ വീട്ടിൽ നിന്നും പിടികൂടിയത്.
മണാലിയിൽ നിന്നും ഹാഷിഷ് ഓയിൽ എത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ മാമ്മൻ ശാമുവേലിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം എരുമേലി പ്രദേശം നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ഇന്നലെ ഇയാൾ ഹാഷിഷ് ഓയിലുമായി എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.അബ്ദുൾ കലാമിന്റെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫിസർ ടി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ സുരേഷ്, കെ.എൻ അജിത് കുമാർ, സുജിത്ത്, നാസ്സർ,ബിനോയി, വനിത സിവിൽ ആഫീസർ എസ്.സമീന്ദ്ര എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ആദ്യം വലിക്കുന്നതിനുള്ള ഹാഷിഷ് സൗജന്യമായി നൽകിയാണ് ഇയാൾ ഇടപാടുകാരെ ഒപ്പം കൂട്ടിയിരുന്നത്.