കൊച്ചി: കൊച്ചി സിറ്റി പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ കിംഗ് കോബ്രയിൽ കുരുങ്ങി കുപ്രസിദ്ധ ഗുണ്ടാ നേതാക്കളും. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ തമ്മനം ഷാജിയുൾപ്പടെ ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമടക്കം വിവിധ കേസുകളിൽ പ്രതിയായ 234 പേരാണ് അറസ്റ്റിലായത്. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്നവരും വാറണ്ടുള്ളവരുമായ പിടികിട്ടാപുള്ളികളാണ് അറസ്റ്റിലായവരിലേറെയും. അടിപിടി കേസുകളിൽ പ്രതികളായിട്ടുള്ളവരും കുപ്രസിദ്ധ ഗുണ്ടകളും അറസ്റ്റിലായവരിലുണ്ട്. കൂടാതെ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിറ്റതിനുമായി 10 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 160 കേസുകൾ സിറ്റി പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തു. ഗുണ്ടാ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസമാണ് കിംഗ് കോബ്രയ്ക്ക് തുടക്കമായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കൂടൂതൽ പേരെ നിരീക്ഷിച്ച് ഇവർ തമ്പടിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചാണ് കർശന പരിശോധനകൾ. ഇന്നലെ നിരവധി അടിപിടി കേസുകളിൽ പ്രതികളായ വിപിൻദാസ്, സുധി എന്ന പെരീക്കാട് സുധി, അനീഷ് എന്ന ദോസ്തി അനീഷ്, വിജയേന്ദ്രൻ, ഷാജി എന്ന തമ്മനം ഷാജി, കൃപജിത്ത്, നിസാർ, ലക്ഷ്മണൻ, കുഞ്ഞപ്പൻ, രവി എന്ന വിക്കൻ രവി, രൂപേഷ്, വിഷ്ണു, ദിലീഷ് കെ. സിജു, എൻ.ഡി. നസീർ എന്ന പുലി നസീർ, ജിത്തു സനിത്ത്, എൻ.എ. റസാഖ്, സനൽകുമാർ, നഫ്‌സീർ, ടി.എസ്. ശ്രീനിവാസൻ എന്ന മകുടിക്കുട്ടൻ, കുരങ്ങ് നിസാർ, വിനോദ് എന്ന ചെളി വിനോദ്, സുനീർ എന്ന കുളച്ചൽ സുനീർ, മുവാദ് മട്ടാഞ്ചേരി, ജയറോഷ് മുണ്ടംവേലി, ലെനിൻ പെരുമ്പടപ്പ്, പിഞ്ചൻ കുമ്പളങ്ങി, അനിൽകുമാർ എന്ന കണ്ണൻ മൊതലാളി കുമ്പളങ്ങി, ലാസർ കുമ്പളങ്ങി, ഷമ്മി പെരുമ്പടപ്പ്, കോവളം മാർട്ടിൻ എന്നിവരടക്കം 40ഓളം ഗുണ്ടകളാണ് അറസ്റ്റിലായത്. പരിശോധന ഇന്നും തുടരും.