പാലാ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയിൽ അനിൽ ജോർജ്ജ് (40) അറസ്റ്റിൽ. രാമപുരം സ്വദേശി വിഷ്ണുവിന്റെ പക്കൽ നിന്നും 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വിഷ്ണു കോട്ടയം എസ്.പിക്ക് നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഏഴ് വ്യാജ സിം കാർഡുകളും, 15 വ്യാജ എ.ടി.എം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. 5 ലക്ഷം രൂപ നേരിട്ടും ബാക്കി പണം 103 തവണകളായി ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ് തട്ടിയെടുത്തത്. ഇയാളുടെ കൈവശമുള്ള എ.ടി.എം കാർഡുകളും സിം കാർഡുകളും മറ്റു പലരുടേയും പേരിലുള്ളതാണ്.
വിസ ലഭിക്കാൻ തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കെന്ന വ്യാജേനയാണ് വിഷ്ണുവിനെക്കൊണ്ട് പ്രതി പണം ട്രാൻസ്ഫർ ചെയ്യിച്ചു കൊണ്ടിരുന്നത്. ആഡംബര ജീവിതത്തിനാണ് ഇയാൾ പണം ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരുവിലേക്കും മറ്റും സ്ഥിരമായി വിമാനയാത്ര നടത്തിയിരുന്ന ഇയാളുടെ രഹസ്യ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്.