കടയ്ക്കാവൂർ: വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ സ്കൂട്ടർ യാത്രികരായ മൂന്നംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ. കായിക്കര സ്വദേശി സനീഷ് (24), അഴൂർ സ്വദേശി രാഹുൽ (24) എന്നിവരാണ് അഞ്ചുതെങ്ങ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കായിക്കര ഭാഗത്ത് വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച എസ്.ഐ നസീറുദ്ദീനെ ബൈക്കിലെത്തിയ മൂവർ സംഘം ഇടിച്ചു തെറിപ്പിക്കുകയും തെറി വിളിച്ച ശേഷം വെട്ടിച്ച് കടക്കുകയുമായിരുന്നു. അഞ്ചുതെങ്ങ് എസ്.എച്ച്.ഒ കലാധരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഹരികുമാർ, സുഗുണൻ, എസ്.സി.പി ഒ. സുനിൽ, സി.പി.ഒമാരായ ഷാജഹാൻ, ഉണ്ണിരാജ്, ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.