സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമാംവിധം വർദ്ധിക്കുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും അഭൂതപൂർവ്വമായി കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതരത്തിലുള്ള ഒരു ക്രൂരകൃത്യമെങ്കിലും നടക്കാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു. എല്ലാറ്റിനും പിന്നിൽ കൗമാരം കടന്നിട്ടില്ലാത്തവരും യുവാക്കളുമാകും പ്രതികൾ എന്നത് വലിയ സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ലഹരി കടത്തും മറയില്ലാതെയുള്ള വില്പനയും ഉപയോഗവും സർവ്വസാധാരണമായിക്കഴിഞ്ഞു. ലഹരിവസ്തുക്കൾ പിടികൂടുന്ന വാർത്തകളില്ലാത്ത ദിവസങ്ങൾ കുറവാണ്. നിസാര കാര്യത്തെച്ചൊല്ലി അടിപിടിയും കത്തിക്കുത്തും അരുംകൊലകളും സാധാരണമായിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെയും സാമൂഹ്യവിരുദ്ധന്മാരെയും പിടികൂടാൻ പൊലീസ് ആവുംവിധം ശ്രമിക്കുന്നുണ്ടെങ്കിലും നാട്ടിലെവിടെയും അക്രമങ്ങൾക്കും തട്ടിപ്പിനും ഒരു കുറവുമില്ല.
ഒാച്ചിറയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി രാജസ്ഥാൻ ദമ്പതികളുടെ പുത്രിയായ പതിന്നാലുകാരിയെ വീട്ടിൽ കടന്നുകയറി ഒരുസംഘം അക്രമികൾ തട്ടിക്കൊണ്ടുപോയ സംഭവം ബുധനാഴ്ചയാണ് പുറത്തുവന്നത്. ദേശീയപാതയോരത്ത് പ്രതിമകൾ നിർമ്മിച്ച് വിറ്റ് ഉപജീവനം നടത്തിവന്ന രാജസ്ഥാൻ ദമ്പതികൾ എട്ടുമക്കളോടൊപ്പം മൂന്നുവർഷമായി ഒാച്ചിറയിലെ അത്രയൊന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. മൂത്തമകളെയാണ് രാത്രിയിൽ കാറിലെത്തിയ അക്രമിസംഘം പിടികൂടി കടത്തിക്കൊണ്ടുപോയത്. കുട്ടിയെ ഇവർ നേരത്തെമുതൽ നോട്ടമിട്ടിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരാഴ്ചമുമ്പും ഇതേമട്ടിൽ ശ്രമം നടന്നതാണ്. നാലംഗ അക്രമി സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. ശേഷിക്കുന്നവർ പെൺകുട്ടിയെയും കൊണ്ട് കർണാടകയിലേക്ക് കടന്നെന്നാണ് സൂചനകൾ. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തിലെ മുഴുവൻ പേരുടെയും വിവരങ്ങൾ ലഭിച്ചിട്ടുള്ളതിനാൽ താമസിയാതെ എല്ലാവരെയും പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
ഉത്തരേന്ത്യയിൽ നിന്ന് ഉപജീവനംതേടി ഇവിടെ എത്തുന്ന നാടോടി സംഘത്തിൽപ്പെട്ടവർക്ക് നേരെ ഇതുപോലുള്ള അതിക്രമങ്ങൾ അപൂർവ്വമൊന്നുമല്ല. തങ്ങളുടെ പെൺമക്കളെ കഴുകന്മാരിൽനിന്ന് രക്ഷിക്കാൻ പാവപ്പെട്ട ആ മാതാപിതാക്കൾ പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഇപ്പോൾ അതിക്രമത്തിനിരയായ രാജസ്ഥാൻ കുടുംബം താമസിക്കുന്ന വാടകവീട്ടിൽ നേരത്തെയും സാമൂഹ്യദ്റോഹികൾ കടന്നുകയറി പണം അപഹരിച്ച സംഭവം നടന്നിട്ടുണ്ട്. ഇതുവരെയും ആ കേസിന് തുമ്പുണ്ടായിട്ടുമില്ല. ചോദിക്കാനും പറയാനും ആളില്ലാത്ത നാടോടികളുടെ കാര്യത്തിൽ പൊലീസിന് അത്രയേറെ താത്പര്യമുണ്ടാവുകയില്ലല്ലോ.
പതിന്നാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരുവൻ മറ്റൊരു പണാപഹരണകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. പത്താംക്ളാസ് വിദ്യാർത്ഥിനിയെ പൊതുവഴിയിൽ വച്ച് കടന്നുപിടിക്കാൻ ശ്രമിച്ച കേസിലും പൊലീസ് ഇയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ.
നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ അക്രമിസംഘങ്ങളുടെ തേർവാഴ്ചയെക്കുറിച്ചുള്ള പരാതികളേ എവിടെയും കേൾക്കാനുള്ളൂ. ആളൊഴിഞ്ഞ വഴിയിൽ കൂടി പെൺകുട്ടികൾക്കും സ്ത്രീകൾക്കും പട്ടാപ്പകൽ പോലും നടക്കാനാവാത്ത സ്ഥിതിയാണ്. യഥേഷ്ടം ലഭിക്കുന്ന ലഹരി പദാർത്ഥങ്ങൾ പകരുന്ന ഉത്തേജനത്തിൽ എന്തും ചെയ്യാൻ മടിയില്ലാത്ത അക്രമികൾ ജനങ്ങളുടെ സ്വൈരജീവിതത്തിന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയാലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ച് അവർ പുറത്തുവരും. പിന്നെ വാശിയും വൈരാഗ്യവുമായി എന്ത് അധമപ്രവൃത്തിക്കും അവർ തുനിഞ്ഞെന്നിരിക്കും. ലഹരിക്ക് അടിമകളായി കൊലപാതകം വരെ നടത്താൻ ഒരു മടിയും കാണിക്കുകയുമില്ല. അടുത്തദിവസങ്ങളിൽ തലസ്ഥാന നഗരിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും പിന്നിൽ ലഹരി വസ്തുക്കൾക്ക് പ്രധാന പങ്കുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലഹരി വില്പനയെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുന്നവർ ഭയാനകമായ പ്രത്യാഘാതങ്ങളാകും നേരിടേണ്ടിവരിക. തിരുവനന്തപുരം ജില്ലയിൽപ്പെട്ട അഴൂരിൽ കഴിഞ്ഞദിവസം ഗുണ്ടാസംഘം വീടുകയറി മൂന്നുപേരെ വെട്ടിയ സംഭവത്തിനുപിന്നിലും ലഹരിവില്പനയെക്കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചതിനെത്തുടർന്നുണ്ടായ വൈരാഗ്യമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവർ എളുപ്പം ജാമ്യം ലഭിച്ച് പുറത്തുവരുന്നതും ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതും മറ്റുമാണ് സാമൂഹ്യവിരുദ്ധ ശക്തികൾ തഴച്ചുവളരാൻ പ്രധാന കാരണം. രാഷ്ട്രീയ പിൻബലവും ഇക്കൂട്ടരിൽ പലർക്കും കാണും. ഇൗ അനുകൂലഘടകമുള്ളതിനാൽ പലപ്പോഴും പ്രതികളെ പേടിച്ചുവേണം പൊലീസുകാർക്ക് കഴിയാൻ എന്ന നാണംകെട്ട സ്ഥിതിയുമുണ്ട്. ഒാരോമാസവും പിടികൂടുന്ന ലഹരി വസ്തുക്കളുടെയും അറസ്റ്റിലാകുന്ന പ്രതികളുടെയും വലിപ്പം കാണിച്ച് എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കുമ്പോഴും നാട്ടിൽ അക്രമപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതുകണ്ട് പേടിച്ചരണ്ട് കഴിയേണ്ട സ്ഥിതിയാണുള്ളത്. ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ ആ നിലയിൽകണ്ട് ശക്തവും ഫലപ്രദവുമായ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതാണ് ഒാച്ചിറയിലെ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ.