adoorprakash

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കടുത്ത ചൂടിലും നെട്ടോട്ടമാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ. തുടർച്ചയായ മൂന്നാം മത്സരത്തിനിറങ്ങിയ സിറ്രിംഗ് എം.പി ഡോ. എ. സമ്പത്ത് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയെല്ലാം സന്ദർശിച്ചു കഴിഞ്ഞു.

നേരത്തേ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതും മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ആദ്യംതന്നെ നടത്താൻ കഴിഞ്ഞതും പ്രചാരണത്തിൽ സമ്പത്തിന് മുൻതൂക്കം നൽകി. ഇന്നലെ ചിറയിൻകീഴിലെ പര്യടനം പൂർത്തിയാക്കിയതോടെ ഏഴ് അസംബ്ളി മണ്ഡലങ്ങളിലും ഒരു റൗണ്ട് പര്യടനം തികയ്ക്കാൻ സമ്പത്തിന് കഴിഞ്ഞു. അസംബ്ളി മണ്ഡലം കൺവെൻഷനുകളും സമാപിച്ചു. 23 ഓടെ ബൂത്ത്തല കൺവെൻഷനുകളും പൂർത്തിയാവും.

മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം തീർത്തും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി. ശിവൻകുട്ടി പറഞ്ഞു. അരുവിക്കര ഒഴികെയുള്ള ആറ് അസംബ്ളി മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കൈയിലാണ്. എല്ലാ എം.എൽ.എമാരും നന്നായി മണ്ഡലം നോക്കുന്നവരുമാണ്. ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ അടക്കം ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഇതും മേൽക്കൈ നൽകുന്ന ഘടകമാണ്. എം.പി എന്ന നിലയ്ക്ക് സമ്പത്ത് നടത്തിയ തിളക്കമാർന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പ് തന്നെ ആറ്റിങ്ങലിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന കിട്ടിയിരുന്നതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് ചില ആശയക്കുഴപ്പങ്ങൾ വന്നതിനാൽ അടൂർ പ്രകാശ് അല്പമൊന്ന് പിൻവാങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ രണ്ട് ദിവസംമുമ്പാണ് വീണ്ടും അദ്ദേഹം കളത്തിലിറങ്ങിയത്. പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ആറ്റിങ്ങലിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നതോടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലക്കാരൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. അസംബ്ളി മണ്ഡലം കൺവെൻഷനുകൾ മാർച്ച് 23 മുതൽ 26 വരെ തീയതികളിൽ നടക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എല്ലാ അസംബ്ളി മണ്ഡലങ്ങളിലും അടൂർ പ്രകാശ് ഒരു ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് മണ്ഡലത്തിലുള്ളതെന്നും കരകുളം വ്യക്തമാക്കി.

ഇതിനിടെ അടുത്തിടെ സൂപ്പർഹിറ്റായ സത്യൻഅന്തിക്കാട് ചിത്രം 'ഞാൻ പ്രകാശനി'ൽ ഫഹദ് ഫാസിൽ ബൈക്കിൽ പോകുന്ന ദൃശ്യം ഉൾപ്പെടുത്തിയ പോസ്റ്രറിന്റെ മാതൃകയിൽ അടൂർ പ്രകാശിനായി തയ്യാറാക്കിയ പോസ്റ്ററും ശ്രദ്ധേയമായി. ഞാൻ പ്രകാശ് എന്ന ടൈറ്രിലിൽ കണിയാപുരത്തെ ഒരു പാർട്ടി പ്രവർത്തകനാണ് പോസ്റ്റർ തയ്യാറാക്കിയത്. ഈ പോസ്റ്റർ സ്ഥാനാർത്ഥി ഫേസ്ബുക്ക് പേജിൽ ഉൾപ്പെടുത്തുകയും ചെയ്തു.