stethoscope

തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായുള്ള സ്വാശ്രയ പ്രവേശന മേൽനോട്ട സമിതിയുടെ അംഗസംഖ്യ ആറായും ഫീസ് നിർണയസമിതിയുടെ അംഗസംഖ്യ അഞ്ചായും ചുരുക്കാൻ നിർദ്ദേശിക്കുന്ന മെഡിക്കൽ പ്രവേശന നിയന്ത്രണ ഭേദഗതി ഓർഡിനൻസ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് അയയ്ക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.


ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ഓർഡിനൻസ് ഇറക്കാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ അജൻഡയിൽ ഉൾപ്പെടുത്താതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ആകാനിടയുണ്ടെന്നതിനാൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയ ശേഷമാണ് കമ്മിഷന്റെ അനുമതിക്കയയ്ക്കാൻ തീരുമാനിച്ചത്.
നിലവിലുള്ള പത്തംഗ ഫീസ് നിർണയ സമിതിയിൽ അഞ്ച് അംഗങ്ങൾ മാത്രം പങ്കെടുത്ത യോഗമാണ് കഴിഞ്ഞവർഷത്തെ ഫീസ് നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫീസ്ഘടന ഹൈക്കോടതി റദ്ദാക്കിയത്. അടിയന്തരമായി സമിതി പുനഃസംഘടിപ്പിച്ചാലേ ഫീസ് നിർണയ നടപടികൾ പുനരാരംഭിക്കാനാകൂ. അടുത്ത അദ്ധ്യയനവർഷത്തെ മെഡിക്കൽ പ്രവേശനനടപടികൾ തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കുന്നതിന് കമ്മിഷന്റെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.