photo

നെടുമങ്ങാട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് സജീവമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു. നെടുമങ്ങാട്ട് ക്ഷേത്രനഗരമായ സത്രംമുക്കിലെ കോയിക്കൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രസാദവും വാങ്ങിയാണ് അടൂർ പ്രകാശ് പ്രചാരണ പരിപാടികൾക്ക് തുടക്കംകുറിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ മുൻ എം.എൽ.എ പാലോട് രവിക്കും മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയ്ക്കുമൊപ്പം സത്രംമുക്കിലെത്തിയ സ്ഥാനാർത്ഥിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും നേതൃത്വത്തിൽ വാദ്യമേള അകമ്പടിയോടെ വൻ വരവേല്പാണ് നൽകിയത്. കെ.എസ്‍.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാക്കളും സർവീസ് സംഘടനാ പ്രതിനിധികളും സ്വീകരിക്കാൻ എത്തിയിരുന്നു. കോയിക്കൽ മഹാദേവ ക്ഷേത്രത്തിനു പുറമെ, മുത്തുമാരിയമ്മൻ ദേവസ്ഥാനം, മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. സത്രംമുക്ക്, ബാങ്ക് ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും ബസ് സ്റ്റോപ്പിലും വോട്ട് അഭ്യർത്ഥിച്ചു. ബസ് സ്റ്റാൻഡിലെത്തിയ അടൂർ പ്രകാശ് യാത്രക്കാരോട് വോട്ടുതേടിയശേഷം കച്ചേരി നടയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചന്തമുക്കിലെ പൊന്നറ ശ്രീധറിന്റെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രധാന മാർക്കറ്റിലും വോട്ടർമാരെ നേരിൽക്കണ്ടു. ചന്തയിലെ കച്ചവടക്കാർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സ്ഥാനാർത്ഥിക്ക് മുന്നിൽ നിരത്തി. പരാതികൾക്ക് പരിഹാരം കാണാമെന്നുറപ്പ് നൽകി. ടൗൺ മുസ്ലിം പള്ളിയിൽ ഇമാം ഓച്ചിറ ആബിദ് അൽഹാദിയെയും സി.എസ്.ഐ ദേവാലയത്തിൽ ഡിസ്ട്രിക്ട് ചെയർമാൻ റവ. ലോറൻസിനെയും സന്ദർശിച്ച് അനുഗ്രഹം തേടി. ആട്ടോ-ടാക്സി സ്റ്റാൻഡുകളിലും വോട്ട് തേടി. കോൺഗ്രസ് ഓഫീസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ഡോ. എ. സമ്പത്തിന്റെ പ്രചാരണ പരിപാടികൾ രണ്ടാംഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച് വോട്ടുതേടി. സമ്പത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ചിട്ടയായി മുന്നേറുകയാണ്. നെടുമങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേഖല കൺവെൻഷനുകൾ പൂർത്തിയായി. ബൂത്ത്തല കൺവെൻഷനുകൾ 25ന് കഴിയും. നെടുമങ്ങാട് മണ്ഡലത്തിൽ 210 ബൂത്തുകളാണ്. യു.ഡി.എഫ് നെടുമങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 25ന് നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ അറിയിച്ചു. 29-നകം മണ്ഡലംതല കൺവെൻഷനുകൾ പൂർത്തിയാകും. 31ന് മുമ്പ് ബൂത്ത്തല കൺവെൻഷനുകളും നടക്കും.

ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം നീളുന്നതുമൂലം പ്രചാരണം ഇനിയും തുടങ്ങിയിട്ടില്ല. ചുമരായ ചുമരുകളെല്ലാം വെള്ളയടിച്ച് താമരചിഹ്നം വരച്ച് കാത്തിരിക്കുകയാണ് പ്രവർത്തകർ.