fa

തിരുവനന്തപുരം: കടംകയറി മുടിഞ്ഞ്, ഇടുക്കിയിൽ ആത്മഹത്യ ചെയ്ത 9 കർഷകരുടെ ആശ്രിതർക്ക് അടിയന്തര ആശ്വാസമായി സർക്കാർ അനുവദിച്ച 29 ലക്ഷം രൂപ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപെടുത്ത തീരുമാനമാണെന്നും ഉടനടി നടപ്പാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ കളക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച ''ജീവനൊടുക്കിയ കർഷകരുടെ ആശ്രിതർക്ക് ധനസഹായം നൽകാതെ തടഞ്ഞു'' എന്ന റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം കഴിഞ്ഞ പത്തിന് രാവിലെയാണ് ആത്മഹത്യ ചെയ്ത കർഷകരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചത്. തങ്കമണിയിലെ സന്തോഷിന് 5 ലക്ഷവും ബാക്കി എട്ടുപേർക്കും 3 ലക്ഷം വീതവുമാണ് റവന്യൂ (ഡി.ആർ.എഫ്-സി) വകുപ്പ് ഇറക്കിയ ഉത്തരവിലൂടെ അനുവദിച്ചത്. പക്ഷേ, അന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് കളക്ടർ നിലപാടെടുത്തു.

ആശ്രിതരിൽ ഒരാളെങ്കിലും നിവേദനം നൽകിയാൽ അക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നായിരുന്നു കളക്ടറുടെ നിലപാടെങ്കിലും, കേരളകൗമുദി വാർത്തയാക്കിയതോടെ സർക്കാർ ഇടപെടുകയായിരുന്നു.

''ഇന്നലെത്തന്നെ കമ്മിഷന് കത്തയച്ചു. അനുമതി ലഭിച്ചാലുടൻ ധനസഹായം വിതരണം ചെയ്യും''

എച്ച്. ദിനേശൻ

ഇടുക്കി കളക്ടർ