കല്ലമ്പലം:നാവായിക്കുളം കുടവൂർ ഏലായിൽ നടന്ന കൊയ്ത്തുത്സവത്തിൽ നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.സിലെ കുരുന്നുകൾകൂടി പങ്കെടുത്തതോടെ പാടത്ത് കൊയ്ത്ത് പാട്ടിന്റെ ഈണം മുഴങ്ങി.കൃഷിയിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രദേശത്തെ ഇ.മുഹമ്മദ് ബഷീർ(സി.ആർ.പി) കൃഷിപാഠങ്ങൾ പകർന്നു നൽകി. കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ലഘുഭക്ഷണവും ഇദ്ദേഹം നൽകി. നെല്ല് മുളപ്പിച്ച് ഞാറാക്കി നടുകയും കള പറിക്കുകയും തുടർന്ന് പാകമാകുമ്പോൾ കൊയ്യുന്നതുവരെയുള്ള നൂതന കൃഷി രീതികൾ ഇദ്ദേഹം കുട്ടികൾക്ക് ലളിതമായ ശൈലിയിൽ പറഞ്ഞു മനസിലാക്കിക്കൊടുത്തു. ഇദ്ദേഹത്തിന്റെ ഒരേക്കറോളം വരുന്ന പാടത്താണ് കൊയ്ത്ത് നടന്നത്. നൂറുമേനി വിളവായിരുന്നു. കൊയ്ത്തുത്സവം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി, നാവായിക്കുളം കൃഷി ഓഫീസർ അനിൽ, കെ.സി.എം.എൽ.പി.സിലെ അദ്ധ്യാപകർ, തൊഴിലാളികൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.