pnb

ന്യൂഡൽഹി : നീരവ് മോദി ഭീകരമായി കബളിപ്പിച്ച പഞ്ചാബ് നാഷണൽ ബാങ്ക്, സമീപകാലത്ത് മറ്റൊരു വെട്ടിപ്പിനും ഇരയായി. ഹൻജെർ ബയോടെക് എനർജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബാങ്കിന്റെ 200 കോടിയാണ് അടിച്ചുമാറ്റിയത്. ഇൗ തുക ഇപ്പോൾ എഴുതിത്തള്ളിയിരിക്കുകയാണ്. കമ്പനിയുടെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലാക്കി.

വാർഷിക ആഡിറ്റിംഗിലാണ് ഇൗ വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് അധികൃതർ സി.ബി.ഐയെ സമീപിച്ചു. ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുംബയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. കമ്പനിക്ക് നൽകിയ വായ്പയിൽ 125.40 കോടി ലണ്ടനിലെ ബ്രാഞ്ച് വഴിയാണ് നൽകിയത്. ഇതിലാണ് ഏറ്റവും വലിയ വെട്ടിപ്പ് നടന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുള്ളതായി സി.ബി.ഐ സംശയിക്കുന്നു. കമ്പനിയുടെ നിലവിലുള്ള വായ്പാ കുടിശിക തീർക്കുന്നതിന് മുമ്പ് പുതിയ ലോൺ നൽകിയതിലാണ് ഉദ്യോഗസ്ഥർ പങ്ക് വഹിച്ചത്. ഇമ്രാൻ ഫർണിച്ചർ വാല എന്ന വ്യക്തിയും മക്കളും സഹോദരങ്ങളുമാണ് കമ്പനിയുടെ ഉടമകൾ. ഇവർ നിരവധി കടലാസ് കമ്പനികൾ സൃഷ്ടിച്ച് അവരിൽനിന്നും യന്ത്രസാമഗ്രികൾ വാങ്ങിച്ചതായി കാണിച്ചാണ് ബാങ്കിൽനിന്ന് വായ്പ സംഘടിപ്പിച്ചത്. യന്ത്രസാമഗ്രികൾക്കുള്ള തുക എന്ന പേരിൽ ബാങ്ക് കടലാസ് കമ്പനികൾക്ക് നൽകിയ തുക പിന്നീട് പ്രധാന കമ്പനിയിൽ വന്നുചേർന്നതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഹൻജെർ പ്രൊമോട്ടേഴ്സിന്റെ ഇടപാടുകൾ സുതാര്യമല്ലെന്നും സൂക്ഷ്മമായ പരിശോധന വേണമെന്നും റിസർവ് ബാങ്ക് പി.എൻ.ബിക്ക് കഴിഞ്ഞ ഡിസംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.