ആറ്റിങ്ങൽ: മൂന്നു ദിവസമായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ നഗരസഭാ കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജു ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ പായവിരിച്ച് കിടന്ന് പ്രതിഷേധിച്ചു. ദിവസങ്ങളായി അവനവഞ്ചേരി, വലിയകുന്ന്, തച്ചൂർക്കുന്ന് പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി ഉയർന്നിരുന്നതായും അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികളുണ്ടായില്ലെന്നും രാജു ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ വേണ്ടിയാണ് സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികളെ തുടർന്നാണ് ജലവിതരണം മുടങ്ങിയതെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
കുടിവെള്ളം മുടങ്ങിയ മേഖലകളിൽ വർഷങ്ങൾ പഴക്കമുള്ള പൈപ്പാണ് റോഡിനടിയിൽ കിടക്കുന്നത്. പുതിയത് സ്ഥാപിക്കാതെ പലയിടത്തും ടാർ ചെയ്തതാണ് പ്രശ്നമാകുന്നതെന്ന് അറിയുന്നു. വർഷങ്ങളായി അറ്റകുറ്റപണി ചെയ്തിരുന്ന കരാറുകാരന് മൂന്നു വർഷമായി പണി ചെയ്തതിന്റെ തുക ലഭിക്കാത്തതിനാൽ അദ്ദേഹം പണി മതിയാക്കിയതാണ് മറ്റൊരു പ്രശ്നം. വരൾച്ച കടുത്തതോടെ കിണറുകളെല്ലാം വറ്റിയതിനാൽ നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. നിലവിൽ അതും കൃത്യമായി എത്താത്തത് നാട്ടുകാരെ വലയ്ക്കുകയാണ്.