cpm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം ഇടതിന് അനുകൂലമാണെന്നും 13ന് മുകളിൽ സീറ്റുകൾ നേടാനാകുമെന്നും സി.പി.എം കണക്കാക്കുന്നു. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തലാണിത്.

കഴിഞ്ഞതവണ നേടിയ എട്ട് സീറ്റുകൾക്ക് പുറമേ, 'സംഘടനാപരമായ ചില പാളിച്ചകൾ' കാരണം നഷ്ടപ്പെട്ടതെന്ന് പാർട്ടി കരുതുന്ന കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങൾ ഇക്കുറി തിരിച്ചുപിടിക്കാനാകുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. വടകര ഉൾപ്പെടെ അഞ്ചിടങ്ങളിൽ പഴയ കോ-ലീ-ബി (കോൺഗ്രസ്-ലീഗ്-ബി.ജെ.പി) മോഡൽ സഖ്യം ഉരുത്തിരിയാനുള്ള സാദ്ധ്യതയുണ്ടെന്ന് പാർട്ടി സംശയിക്കുന്നുണ്ട്. അങ്ങനെയുണ്ടായാലും വടകരയിൽ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

വടകരയ്ക്ക് പുറമേ, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് കോ-ലീ-ബി സഖ്യം സംശയിക്കുന്നത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ബി.ജെ.പി സഹായിക്കുമ്പോൾ പകരം പത്തനംതിട്ടയിൽ ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കുമെന്നാണ് സംശയിക്കുന്നത്. എറണാകുളത്ത് കെ.വി. തോമസിന് പകരം ഹൈബി ഈഡൻ സ്ഥാനാർത്ഥിയായെത്തിയത് ഇടതിന് അനുകൂലമാകുമെന്നും കണക്കുകൂട്ടുന്നു. ഹൈബിക്കെതിരായ ക്രൈംബ്രാഞ്ച് കേസടക്കമുള്ള ആരോപണവിവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉയർന്നുവരാമെന്നാണ് കരുതുന്നത്.

സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗങ്ങളുമാണ് ഇപ്പോൾ നടന്നുവരുന്നത്. സ്ഥാനാർത്ഥിപര്യടനങ്ങൾ 23ന് ആരംഭിക്കാനാണ് ഇടത് തീരുമാനം.