vijayaraghavan

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള നയമാണ് ഓരോ സംസ്ഥാനത്തും സി.പി.എം അവലംബിക്കുകയെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ബി.ജെ.പിയെ തോല്പിക്കലാണ് സി.പി.എമ്മിന്റെ ഒന്നാമത്തെ അജൻഡ. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന എം.പിമാരുടെ എണ്ണം കുറയ്ക്കാനാണ് തീവ്ര ശ്രമം. എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാൻ സി.പി.എം തയാറാണ്. എ.വിജയരാഘവൻ കേരളകൗമുദി 'ഫ്ളാഷു'മായി സംസാരിക്കുന്നു:

അംഗബലം മോശമാവില്ല

ഇത്തവണ ഇടതുമുന്നണിക്ക് പാർലമെന്റിൽ മോശമല്ലാത്ത അംഗബലം ഉണ്ടാകും. ബംഗാളിൽ നിന്ന് മുൻകാലങ്ങളിൽ നിന്ന് ജയിക്കുന്നത്ര സീറ്ര് കിട്ടുമെന്ന് പറയുന്നില്ല. എന്നാൽ മോശമല്ലാത്ത രീതിയിൽ അവിടെ നിന്ന് സീറ്റ് കിട്ടും.

ആദ്യ റൗണ്ടിൽ ഇടത് മുന്നിൽ

കേരളത്തിൽ ലോക്സഭാ തിരഞ്ഞെ‌ടുപ്പ് പ്രചാരണത്തിൽ ആദ്യഘട്ടത്തിൽതന്നെ തങ്ങൾ മേധാവിത്വം നേടിയിട്ടുണ്ട്. ശരിയായ രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ത നിലപാടാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നത്. ബി.ജെ.പി നേതാക്കൾ സുരക്ഷിത മണ്ഡലം തേടിപ്പോവുകയാണ്. കോൺഗ്രസിനാണെങ്കിൽ പ്രധാനം ഗ്രൂപ്പ് സമവാക്യങ്ങളാണ്. അവർക്ക് ജനം നേരിടുന്ന കാര്യങ്ങളോ നാടിന്റെ താല്പര്യമോ പ്രശ്നമല്ല.

ലീഗിന്റെ മുഖം മൂടി അഴിഞ്ഞു

തീവ്ര വർഗീയ സംഘടനയായ എസ്.ഡി.പി.ഐയുമായി നടന്ന ചർച്ചയോടെ മുസ്ലിം ലീഗ് ഇതുവരെ അണിഞ്ഞിരുന്ന അവരുടെ കൃത്രിമ മതേതരത്വ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

കെ.മുരളീധരൻ വെല്ലുവിളിയല്ല

വടകരയിൽ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫിന് ഒരു വെല്ലുവിളിയേ അല്ല. നടക്കാനറിയുന്ന ആളെ തലയിലെഴുന്നള്ളിച്ച് കൊണ്ടുപോകുന്ന രീതിയാ
ണ് കോൺഗ്രസിന്റേത്. മുരളീധരനെ വടക്കാഞ്ചേരിയിൽ കാലുവാരിയവരാണ് കോൺഗ്രസുകാർ. വടകരയിൽ മുരളീധരൻ തലയെടുപ്പുള്ള സ്ഥാനാർത്ഥി തന്നെയാണ്. എന്നാൽ, സ്ഥാനാർത്ഥികളല്ല രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്.

പൊന്നാനിയിലെ തീരുമാനം

പൊന്നാനിയിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയം വ്യക്തപരമായൊന്നും എടുത്ത തീരുമാനമല്ല. ചില രാഷ്ട്രീയ സാദ്ധ്യതകൾ തേടിയാണ് അത് ചെയ്തത്. പി.പി.ഉമ്മർകോയയുടെയും മുഹമ്മദ് അബ്ദുറഹിമാന്റെയും പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന നേതാവാണ് പൊന്നാനിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അൻവർ. അല്ലാതെ കാശുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ നിറുത്തിയതല്ല.

തിരുവിതാംകൂർ ചതിക്കില്ല

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നല്ല പിന്തുണ നൽകിയത് തിരുവിതാംകൂർ മേഖലയാണ്. ആലപ്പുഴയിലും കൊല്ലത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനമാണ് നടത്തിയത്. തിരുവിതാംകൂർ ചതിക്കില്ല. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന ജില്ലകളാണിത്.

വോട്ട് കച്ചവടം

ബി.ജെ.പിക്ക് പറ്രിയ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിറുത്തിയിരിക്കുന്നത്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തി പരിശീലനം സിദ്ധിച്ച നേതാക്കളാണ് കെ.പി.സി.സിയിലുള്ളത്.


ഇടതിന്റെ സ്വീകാര്യത

പ്രതിപക്ഷ ഏകോപനത്തിന്റെ മുൻകൈ സി.പി.എമ്മിന് നഷ്ടപ്പെട്ടു എന്ന വാദം ശരിയല്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് യഥാർത്ഥ പ്രതിപക്ഷ സഖ്യം രൂപപ്പെടുക. അതിന്റെ മുന്നിൽ സി.പി.എം ഉണ്ടാകും. ഇടതുപക്ഷത്തിന്റെ സ്വീകാര്യത ഈ തിരഞ്ഞെടുപ്പിൽ വർദ്ധിച്ചിട്ടുണ്ട്.