draught-

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗർഭജലം പകുതിയായി കുറഞ്ഞെന്നും കേരളം കൊടും വരൾച്ചയിലേക്കാണെന്നും ഭൂജല വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കാസർകോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ജലലഭ്യത ഗണ്യമായി കുറഞ്ഞെന്നും വരും നാളുകളിൽ ഇത് വർദ്ധിക്കുമെന്നും അധികൃതർ പറയുന്നു. ഭൂജല വകുപ്പിന്റെ 756 വാട്ടർ ഒബ്‍സർവേറ്ററികളിൽ നിന്ന് ഫെബ്രുവരിയിൽ കിട്ടിയ കണക്കുകളാണ് പുറത്ത് വന്നത്. ഭൂ ജലവിതാനം കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയെക്കാളും താഴെയാണ്. 2019ൽ ഇന്ത്യയിൽ എൽ നിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്‌ദ്ധരുടെ കണക്കുകൂട്ടൽ. ഇത് കേരളത്തെയും കാര്യമായി ബാധിച്ചേക്കും.

 ഭൂഗർഭ ജലം താഴ്ന്നത് - 75 സെന്റിമീറ്റർ മുതൽ രണ്ട് മീറ്റർ വരെ

 ജല ലഭ്യത ഗണ്യമായി കുറഞ്ഞത് കാസർകോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലും

 ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു.

 ജലനിരപ്പ് കുറയാത്ത ജില്ലകൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം

 പ്രളയത്തെ തുടർന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയത് വിനയായി

 തുലാമഴ മൂന്ന് ശതമാനം കുറച്ചും.

ജലം ചൂഷണം തടയും

നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ജല ചൂഷണം അടിയന്തരമായി തടയണമെന്ന് ഭൂജലവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജല ദുരുപയോഗം തടയാൻ പ്രത്യേക പദ്ധതിക്കും രൂപം നൽകി. പ്രശ്‌നം കൂടുതൽ ബാധിച്ച ജില്ലകളിൽ മദ്യ, കുപ്പിവെള്ള കമ്പനികൾക്കുള്ള ലൈസൻസ് പുതുക്കി നൽകില്ല. വ്യവസായങ്ങൾക്ക് കുഴൽ കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആർട്ടിഫിഷ്യൽ റീചാർജിലൂടെ ജല അളവ് കൂട്ടുന്ന കാര്യവും പരിഗണനയിലാണ്.