തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ അഞ്ച് മാസമായി തൊഴിലാളികൾക്ക് വേതനം നൽകാത്തത് ബി.ജെ.പിക്കും ഇടതുമുന്നണിക്കും എതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കുന്നു.
54,17,189 പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളത്.ഇവരിൽ 23,78,824 പേർ സജീവമാണ്. പ്രളയബാധിത മേഖലകളിലടക്കം ചില മണ്ഡലങ്ങളിൽ ഇവർ നിർണായക വോട്ട് ബാങ്കാണ്.
കഴിഞ്ഞ നവംബർ മുതലുള്ള വേതനമാണ് മുടങ്ങിയത്. ഈ കാലയളവിലെ വേതനത്തിനായി കേന്ദ്രസർക്കാർ നൽകേണ്ട 1154കോടി രൂപ കുടിശികയാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക നൽകേണ്ടത്. കൂടാതെ ഭരണച്ചെലവിനുള്ള 86.87 കോടിയും കുടിശികയാണ്. കേന്ദ്രം കുടിശിക നൽകാത്തതാണ് ബി. ജെ. പിക്കെതിരെ യു.ഡി. എഫ് ആയുധമാക്കുന്നത്. ഈ തുക ചോദിച്ചു വാങ്ങിയില്ലെന്നാണ് സർക്കാരിനും ഇടതുമുന്നണിക്കും എതിരെയുള്ള യു. ഡി. എഫിന്റെ ആക്ഷേപം
തൊഴിലാളികൾക്ക് വേതനമില്ലാതായത് പദ്ധതി നടത്തിപ്പിനെയും ബാധിച്ചു. പ്രളയം കണക്കിലെടുത്ത് കേരളത്തിന്റെ അപേക്ഷ പ്രകാരം 50 തൊഴിൽദിനങ്ങൾ അധികം അനുവദിച്ചിരുന്നു. ഇതുപ്രകാരം 150 തൊഴിൽ ദിനങ്ങളുണ്ട് ഇപ്പോൾ. വേതനം മുടങ്ങിയതിൽ തൊഴിലാളികൾക്ക് കടുത്ത അമർഷമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കുടിശിക ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പണം അനുവദിക്കാനിടയില്ലെന്നാണ് കണക്കുകൂട്ടൽ.
നവംബർ മുതൽ കുടിശികയായിട്ടും കേന്ദ്രത്തോട് ചോദിച്ചു വാങ്ങാൻ ശ്രമിച്ചില്ലെന്നാരോപിച്ചാണ് സർക്കാരിനെയും ഇടതുമുന്നണിയെയും യു.ഡി.എഫ് പ്രതിക്കൂട്ടിലാക്കുന്നത്.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിൽ ഈ മാസം പത്തിന് തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. പ്രതിപക്ഷം പത്ത് ദിവസം മുമ്പേ ഇടപെട്ടിട്ടും സർക്കാർ ഇപ്പോഴാണ് ഇടപെടുന്നത് എന്നാണാക്ഷേപം. പണം അനുവദിക്കാതെ പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്നും ബി.ജെ.പിക്കെതിരെ കോൺഗ്രസ് ആരോപിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന പ്രചരണം ബി.ജെ.പിക്കെതിരായ ശക്തമായ ആയുധമാക്കാൻ ഇടതുപക്ഷവും തയ്യാറെടുക്കുന്നു. തൊഴിലുറപ്പ് രംഗത്തെ ഏറ്റവും വലിയ യൂണിയൻ സി.ഐ.ടി.യു.വിന്റേതായതനാൽ അവർക്ക് ഇത് ശക്തമായ ആയുധമാണ്. തൊഴിൽ ദിനങ്ങൾ 150 ആയി വർദ്ധിപ്പിച്ചത് ഇടതുസർക്കാരിന്റെ നേട്ടമായും ഉയർത്തിക്കാട്ടും.