divakaran

തിരുവനന്തപുരം: ഒരിക്കൽ പഠിച്ചും ചിരിച്ചും കലഹിച്ചും മുദ്രാവാക്യം വിളിച്ചും നടന്ന കലാലയ മുറ്റത്തേക്ക് സി. ദിവാകരൻ വീണ്ടുമെത്തി. ഇക്കുറി സ്ഥാനാർത്ഥിയായാണ് വരവ്. കൂടെ പഠിച്ചവരും അന്ന് പഠിപ്പിച്ചവരുമില്ലാത്ത യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ സ്ഥാനാർത്ഥിയെ വരവേറ്റത് പുതിയ തലമുറയിലെ വിപ്ളവക്കുരുന്നുകൾ.

വിദ്യാർത്ഥികൾ ആവേശത്തോടെ ചുറ്റും കൂടിയപ്പോൾ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് രാഷ്ട്രീയമായിരുന്നില്ല. പണ്ട്, പഠിച്ചുനടന്ന കാലത്തെ കുസൃതികൾ. മറക്കവയ്യാത്ത സൗഹൃദങ്ങൾ. രാഷ്ട്രീയം പറയാതെ, തങ്ങളിലൊരാളായ പൂർവ്വവിദ്യാർത്ഥി യുവവോട്ടർമാരുടെ മനസിൽ സ്ഥാനം പിടിച്ചത് പെട്ടെന്ന്.

രാഷ്ടീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും സ്വഭാവ സവിശേഷതകൾ മാറുകയാണ്. എന്നാലും ലക്ഷ്യവും താത്പര്യവും ഒന്നുതന്നെ. അന്നും ഇന്നും അതിൽ മാറ്റമില്ല. എഫ്‌.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഭിജിത്ത് സെക്രട്ടറി റിയാസ് വഹാബ്, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശരൺ ശശാങ്കൻ, സെക്രട്ടറി കണ്ണൻ എസ് ലാൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം കാമ്പസിലെത്തി.

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സി. ദിവാകരൻ നേരെ പോയത് വിമൻസ് കോളേജിലേക്ക്. വിപ്ളവം നിറഞ്ഞ യൂണിവേഴ്സിറ്റി കോളേജിനേക്കാൾ ആവേശം പക്ഷെ വനിതാ കോളേജിലായിരുന്നു.കുശലം പറഞ്ഞും അവർക്കൊപ്പം സെൽഫിയെടുത്തും സ്ഥാനാർത്ഥി. നഗരത്തിലെ ഗവൺമെന്റ് ആർട്ട്സ് കോളേജ്,​ സംസ്‌കൃത കോളേജ്,​ സംഗീത കോളേജ്,​ ഗവ. ലാ കോളേജ്,​ ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ പര്യടനം കഴിഞ്ഞ് എം.ജി കോളേജിലേക്ക്. ഇന്നലെ പര്യടനം അവിടെ പൂർണം. കാമ്പസിലെ പുതുതമുറ വോട്ടർമാരെ കാണുന്നത് ഇന്നും തുടരും.