നേമം: പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഇരുട്ടത്തി തപ്പിത്തടഞ്ഞാണ് പാപ്പനംകോടിന് സമീപത്തെ പറയിൽകടവ് നിവാസികളുടെ യാത്ര. വിളക്ക് കത്താതായതോടെ റോഡിലെ കുണ്ടും കുഴിയും കാണാൻ കഴിയാതെ യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. കുഴികളുടെ ആഴമൊ എവിടെയൊക്കെ കുഴിയുണ്ടെന്നൊ കാണാൻ പോലും കഴിയില്ല. കരമനയാറിന് കുറുകെ പാപ്പനംകോട് നിന്നും തമലം പൂജപ്പുര റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിലേയ്ക്കുള്ള വഴിയാണ് ടാറും മെറ്റലുമിളകി നളിച്ച് കിടക്കുന്നത്. പലം വന്നതോടെ നിരവധി പേരാണ് ദിവസവും ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡ് ഈ അവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അദികാരികളോട് പരാതി പറഞ്ഞ് കുഴഞ്ഞെന്നാണ് നാട്ടുകാരുടെ മറുപടി. തെരുവ് വിളക്കുകൾ കത്താതായതോടെ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി എടുത്തിട്ടില്ലെന്നാണ് കൈമനം ചിറക്കര റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
പരാതികൾ മുറപോലെ എത്തുന്നുണ്ടെങ്കിലും വേണ്ട നടപടിയെടുക്കാൻ അധികൃതർ തായാറാകുന്നില്ലെന്നും പരാധിയുണ്ട്. വൈദ്യുതി തൂണുകളിലെ വിളക്കുകളിലും വൈദ്യുത കമ്പികളിലും മരച്ചില്ലകൾ മൂടിക്കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കണ്ട ഭാവം നടിക്കുന്നില്ല. റോഡ് നന്നാക്കണമെന്ന പരാതിയും കേട്ടഭാവമില്ല.
റോഡ് മുഴുവൻ ഇരുട്ടുമൂടി കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഇവിടെ മാലിന്യ നിക്ഷേപവും ശക്തമാണ്. മാംസാവശിഷ്ടങ്ങളും പ്ലാസ്ടിക് വേസ്റ്റുകളും തുടങ്ങി ബാർബർ ഷോപ്പിൽ നിന്നുള്ള മുടിയും വരെ ഇവിടെയുണ്ട്. നാട്ടുകാരുടെ പരാതിയിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയതോടെ മാലിന്യ നിക്ഷേപം വർഷങ്ങളായി വെറുതെകിടക്കുന്ന ചിറ്റൂർ ഭൂമിയിലേക്കായി. ഇവിടെ ദുർഗന്ധം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പാപ്പനംകോട് ബസ് സ്റ്റാൻഡിൽ നിന്നും തമലം പൂജപ്പുര ഭാഗത്തേയ്ക്ക് എത്തുവാനുള്ള എളുപ്പവഴിയാണ് പാറയിൽ കടവ് റോഡ്. റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് നഗരസഭ നിർമ്മിച്ച ഇരുമ്പു പാലം വന്നതോടെയാണ് റോഡിൽ തിരക്ക് വർദ്ധിച്ചത്. എന്നാൽ ഇരുമ്പുപാലം തുരുമ്പെടുത്ത് ശോചനീയാവസ്ഥയിൽ ആയതിനാൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാലത്തിനടുത്ത് മദ്യകുപ്പികൾ കൊണ്ടിടുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതിയുണ്ട്.