തിരുവനന്തപുരം: അപൂർവം ചില ചോദ്യങ്ങൾ ഒഴികെ വലിയ പ്രയാസമില്ലാതെ എഴുതാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ. മോഡൽ പരീക്ഷയിലെ പാറ്റേണിൽ തന്നെ ചോദ്യങ്ങൾ ചോദിച്ചതും ഭൂരിഭാഗം ചോദ്യങ്ങൾക്കും ചോയ്സ് ഉണ്ടായിരുന്നതും വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി. കവിതയുടെ ആസ്വാദനമെഴുതാനുള്ള ചോദ്യവും, പദ്യഭാഗം നൽകി അവയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ചോദ്യവും കുട്ടികൾക്ക് ഏറെ പരിചയമുള്ള കവിതാ ഭാഗങ്ങളിൽ നിന്നുള്ളവയും ഫ്രേസൽ വെർബ്സ്, റിപ്പോർട്ടഡ് സ്പീച്ച്, എഡിറ്റിംഗ് തുടങ്ങി ഗ്രാമർ ഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഏറെ പരീശീലനം ചെയ്തവയുമായിരുന്നു. അതിനാൽ ഗ്രാമർ ഭാഗത്തിൽ നിന്ന് ശരാശരി വിദ്യാർത്ഥികൾക്കു പോലും മികച്ച സ്‌കോർ ഉറപ്പിക്കാനാകും. ആകെ 36 ചോദ്യങ്ങളാണ് 80 മാർക്കിന്റെ പരീക്ഷയ്ക്കുണ്ടായിരുന്നത്. 11 മാർക്കിനുള്ള രണ്ടു കോംപ്രിഹെൻഷൻ ചോദ്യങ്ങളാണ് (ഒരു പാരഗ്രാഫ് നൽകി ആശയം വിശദമാക്കി എഴുതാൻ) ശരാശരിക്കാരായ വിദ്യാത്ഥികളെ ശരിക്കും വെള്ളം കുടിപ്പിച്ചത്. 1, 12 നമ്പർ ചോദ്യങ്ങളായി 6, 5 മാർക്കുകൾക്കുള്ള ഈ ചോദ്യങ്ങൾ അതിസമർത്ഥരായ വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രയാസമായില്ലെങ്കിലും ശരാശരിക്കാർ ഈ ചോദ്യങ്ങൾ വായിച്ചു മനസിലാക്കി ഉത്തരമെഴുതാൻ സമയമെടുത്തു. ഇതോടെ മറ്റു ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള സമയവും വൈകി.
കോംപ്രിഹെൻഷൻ ചോദ്യങ്ങൾക്ക് നല്ല രീതിയിൽ ഉത്തരമെഴുതിയ വിദ്യാർത്ഥികൾക്ക് എ പ്ലസ് സ്‌കോറായ 72 നേടാൻ പ്രയാസമുണ്ടാകില്ല. ശരാശരിക്കാരായ കുട്ടികൾക്കും ജയിക്കാവുന്ന പേപ്പറാണിത്. പാഠഭാഗത്തു നിന്നുള്ള ചോദ്യങ്ങളെല്ലാം പ്രതീക്ഷിച്ചവയും കുട്ടികൾ ആവർത്തിച്ച് പഠിച്ചവയുമായിരുന്നു.
-ദീപ ജോസഫ്,
ഇംഗ്ലീഷ് അദ്ധ്യാപിക,
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ