വിഴിഞ്ഞം: കൊച്ചിയിൽ നിന്ന് മത്സ്യ ബന്ധനത്തിനുപോയി ലക്ഷദ്വീപിലെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കു വേണ്ടി തിരച്ചിൽ തുടരുന്നു.കരുംകുളം പള്ളം ഉരിയരിക്കുന്ന് പുരയിടത്തിൽ ബർക്കുമാനെയാണ് (28) കാണാതായത്. ഇയാൾ ഉൾപ്പടെയുള്ളവർ മത്സ്യബന്ധനത്തിനുപോയ ബോട്ടും ഒപ്പമുള്ളവരും ഇതുവരെയും കരയിൽ എത്തിയിട്ടില്ല. തിരച്ചിൽ നടത്തുന്നുവെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും നേവിയും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 7ന് കൊച്ചി തോപ്പുംപടിയിൽ നിന്ന് 17 അംഗ സംഘമായിട്ടാണ് മത്സ്യ ബന്ധനത്തിനു പോയത്.16 ന് ലക്ഷദ്വീപിൽ 300 നോട്ടിക്കൽ മൈൽ ഉൾക്കടലിൽവച്ച് രാവിലെ 5.30ന് ബോട്ടിൽ നിന്ന് വീണ് കാണാതായതായാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.