international-football
international football

ക്ളബ് ഫുട്ബാൾ മത്സരങ്ങൾക്ക് ചെറിയ ഇടവേള നൽകി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇറങ്ങുകയാണ് വമ്പൻ ടീമുകൾ. ഈ വാരത്തിൽ ക്രിസ്റ്റ്യാനോയും ലയണൽ മെസിയും ഹാരി കേനുമൊക്കെ സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിലിറങ്ങും. അന്താരാഷ്ട്ര സൗഹൃദ മത്സറരങ്ങൾക്കൊപ്പം യൂറോ കപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കും തുടക്കമാവുകയാണ്.

വരുന്ന വാരത്തിലെ പ്രധാന മത്സരങ്ങൾ

1. അർജന്റീന Vs വെനിസ്വേല

(ഇന്റർ നാഷണൽ ഫ്രണ്ട്ലി)

നാളെ രാത്രി 1.30 ന്

ലോകകപ്പിന് ശേഷം ലയണൽ മെസി അർജന്റീന കുപ്പായത്തിലേക്ക് തിരിച്ചെത്തുന്ന മത്സരമാണിത്. മാഡ്രിഡിലാണ് മത്സരം നടക്കുന്നത്. മെസി കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയിരുന്നു.

ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിനുള്ള പരിശീലനം കൂടിയാണ് അർജന്റീനയ്ക്കും വെനിസ്വേലയ്ക്കും ഈ മത്സരം. ചൊവ്വാഴ്ച രാത്രി മൊറോക്കോയെയും അർജന്റീന നേരിടുന്നുണ്ട്.

പുതിയ ജഴ്സിയിലാണ് അർജന്റീന വെനിസ്വേലയെ നേരിടാൻ ഇറങ്ങുന്നത്. കോപ്പ അമേരിക്കയിലും പുതിയ ജഴ്സിയാകും മെസിയും കൂട്ടരും അണിയുക.

2. ബ്രസീൽ Vsപാനമ

ഇന്റർ നാഷണൽ ഫ്രണ്ട്ലി ശനിയാഴ്ച രാത്രി 10.30 ന്

ബ്രസീലിനും കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള പരിശീലനമാണ് ഈ സൗഹൃദ മത്സരം. സൂപ്പർ താരം നെയ്‌മർ മഞ്ഞപ്പടയിൽ ഉണ്ടാകില്ല. പാരീസ് എസ്.ജിക്ക് വേണ്ടി കളിക്കുമ്പോൾ ഏറ്റ പരിക്കിൽ നിന്ന് നെയ്‌മർ മോചിതനായി വരുന്നതേയുള്ളൂ. ചൊവ്വാഴ്ച രാത്രി മറ്റൊരു സൗഹൃദ മത്സരത്തിൽ ബ്രസീൽ ചെക്ക് റിപ്പബ്ളിക്കിനെയും നേരിടുന്നുണ്ട്.

3. ജപ്പാൻ Vsകൊളംബിയ

(ഇന്റർ നാഷണൽ ഫ്രണ്ട്ലി)

ഇന്ന് വൈകിട്ട് 3.50 ന്

കഴിഞ്ഞ ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടിയ ജപ്പാനും കൊളംബിയയും വീണ്ടും കളിക്കളത്തിൽ എതിരിടുന്നു. ലോക കപ്പിൽ ജപ്പാൻ 2-1 ന് കൊംളബിയയെ അട്ടിമറിച്ചിരുന്നു.

4. മെക്സിക്കോ Vs ചിലി

(ഇന്റർ നാഷണൽ ഫ്രണ്ട്‌ലി)

ശനിയാഴ്ച രാവിലെ 7.45 ന്

5. ബെൽജിയം Vs റഷ്യ

(യൂറോ കപ്പ് യോഗ്യതാ റൗണ്ട്)

ഇന്ന് രാത്രി 1.15 ന്.

6. പോർച്ചുഗൽ Vs ഉക്രൈൻ

(യൂറോ കപ്പ് യോഗ്യതാ റൗണ്ട്)

നാളെ രാത്രി 1.15 ന്

7. ഇംഗ്ളണ്ട് Vs ചെക് റിപ്പബ്ളിക്

(യൂറോ കപ്പ് യോഗ്യതാ റൗണ്ട്)

നാളെ രാത്രി 1.15 ന്.