തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രവും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളും സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടുകൾ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നാലാഞ്ചിറ മാർ ഇവാനിയോസിലെ വിവിധ കേന്ദ്രങ്ങളിലാകും എണ്ണുക. ഇവിടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. കെ. വാസുകി സന്ദർശനം നടത്തി. വോട്ടുകൾ എണ്ണാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ കളക്ടർ പരിശോധിച്ചു.

വർക്കല നിയമസഭാ മണ്ഡലത്തിലെ വോട്ടുകൾ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലാണ് എണ്ണുന്നത്. ആറ്റിങ്ങൽ - സർവോദയ വിദ്യാലയ ലിറ്റിൽഫ്‌ളവർ ഓഡിറ്റോറിയം രണ്ടാം നിലയിലും, ചിറയിൻകീഴ് - സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലും, നെടുമങ്ങാട് - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാളിലും എണ്ണും. വാമനപുരം - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, കഴക്കൂട്ടം - സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിൻ ബിൽഡിംഗ്, വട്ടിയൂർക്കാവ് - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം, നേമം - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, അരുവിക്കര - ജയ് മാതാ ഐ.ടി.സി, പാറശാല - മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം, കാട്ടാക്കട - മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം, കോവളം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം, നെയ്യാറ്റിൻകര- മാർ ഇവാനിയോസ് കോളേജ് ബി.വി.എം.സി ഹാൾ എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത്.

ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെയും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളും നിശ്ചയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ 14 കേന്ദ്രങ്ങൾ വഴിയാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. വർക്കല - വർക്കല എസ്.എൻ കോളേജ്, ആറ്റിങ്ങൽ - ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ചിറയിൻകീഴ് - ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമങ്ങാട് - നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, വാമനപുരം - ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, കഴക്കൂട്ടം - ശ്രീകാര്യം ലയോള ഐ.സി.എസ്.ഇ സ്‌കൂളിന്റെ സൗത്ത് ബ്ലോക്ക്, വട്ടിയൂർക്കാവ് - പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, തിരുവനന്തപുരം - മണക്കാട് ഗവൺമെന്റ് ജി.വി.എച്ച്.എസ്.എസ്, നേമം - തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ കോളജ് ഒഫ് മ്യൂസിക്, അരുവിക്കര - മഞ്ച ടെക്‌നിക്കൽ ഹൈസ്‌കൂൾ, പാറശാല - പാറശാല ജി.വി.എച്ച്.എസ്.എസ്, കാട്ടാക്കട - കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, കോവളം - നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, നെയ്യാറ്റിൻകര - നെയ്യാറ്റിൻകര ഗവ. ബോയ്‌സ് എച്ച്.എസ്.എസ് എന്നിവയാണ് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ.

ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലും കുടപ്പനക്കുന്ന് കളക്ടറേറ്റിലുമുള്ള സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി.