തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റായി ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടേക്കും. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് തീരുമാനമായതായി അറിയുന്നു.
നിലവിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റാണ് മുൻ അത്ലറ്റും ഇപ്പോൾ പരിശീലകയുമായ മേഴ്സിക്കുട്ടൻ. നിലവിലെ പ്രസിഡന്റ് ടി.പി. ദാസൻ സ്ഥാനമൊഴിയുന്നതിനാലാണ് മേഴ്സിക്കുട്ടനെ പ്രസിഡന്റായി ഉയർത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഉയർന്നിരുന്നുവെങ്കിലും കായിക രംഗത്തുള്ളവർക്ക് മുൻഗണന നൽകണമെന്ന് സി.പി.എം തീരുമാനിക്കുകയായിരുന്നു.
കൗൺസിലിന്റെ പ്രസിഡന്റാകുന്ന മൂന്നാമത്തെ കായികതാരമാകും മേഴ്സിക്കുട്ടൻ. നേരത്തേ പത്മിനി തോമസ്, അഞ്ജു ബോബി ജോർജ് എന്നിവരും പ്രസിഡന്റായിരുന്നു. പുതിയ കായിക നയത്തിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തിൽ വരുന്നതിന്റെ ഭാഗമായാണ് ഭരണമാറ്റം. ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം നടന്നിരുന്നു. സംസ്ഥാന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 27 ന് മുമ്പ് പൂർത്തിയാക്കും.