വെഞ്ഞാറമൂട്: ആളുമാന്നൂർ മുളപ്പുഴമൺ മഠത്തിൽ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവീ രൂപം (അങ്കി) മോഷണം പോയി. ആൾത്താമസമില്ലാത്ത മഠത്തിലെ അറയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം വരുന്ന വെള്ളി അങ്കിയാണ് മോഷണം പോയത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും മഠത്തിലെ പിൻമുറക്കാർ ഈ അറ തുറന്ന് വിളക്ക് കത്തിക്കുമായിരുന്നു.
ഇന്ന് രാവിലെ വിളക്ക് കത്തിക്കാൻ എത്തിയപ്പോഴും അങ്കി സൂക്ഷിക്കുന്ന പെട്ടകം ഭദ്രമായിരുന്നു.എന്നാൽ വൈകിട്ട് അഞ്ചിന് വിളക്ക് കത്തിക്കാൻ എത്തിയപ്പോഴാണ് വാതിൽ പകുതി തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അങ്കി മോഷണം പോയ വിവരം അറിയുന്നത്. വേളാവൂർ, വൈദ്യൻകാവ് എന്നീ ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കാനായി അങ്കി കൊണ്ട് പോകാറുണ്ട് .ഒരാഴ്ച മുൻപ് നടന്ന വേളാവൂർ ക്ഷേത്രത്തിലെ ഉത്സവഎഴുന്നള്ളത്തിന് ശേഷം അങ്കി തിരികെ എത്തിച്ചിരുന്നു. വെഞ്ഞാറമൂട് സി.ഐ.ജയകുമാറിന്റെ നേതൃത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.