കിളിമാനൂർ: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും 4 പവൻ കവർന്നു.പാപ്പാല, ഷീബാ ഭവനിൽ രാജശേഖരൻ നായരുടെ ഭാര്യയുടെ മാലയാണ് കവർന്നത്. ബുധനാഴ്ച പുലർച്ചെ 3നാണ് സംഭവം.
വീടിന്റെ പിൻവശത്തെ ജനാലക്കമ്പി വളച്ച് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ മക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന ഭാര്യയുടെ 4 പവന്റെ താലിമാല മുറിച്ചെടുക്കുകയായിരുന്നു. ഇതിനിടെ ഉണർന്ന വീട്ടമ്മ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന രാജശേഖരൻ നായരെ വിളിച്ചുണർത്തുന്നതിനിടെ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെടുകയായിരുന്നു. കിടപ്പുമുറിയിലെ ബാഗിലുണ്ടായിരുന്ന മൂവായിരത്തോളം രൂപയും നഷ്ടമായിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.കഴിഞ്ഞ ദിവസം കിളിമാനൂർ പനപ്പാംകുന്നിലെ ഒരു വീട്ടിൽ നിന്ന് 45 പവനും അമ്പതിനായിരം രൂപയും മോഷണം പോയിരുന്നു