1
കായംകുളം പൊലീസ് അറസ‌്റ്റ് ചെയ്ത ശാലിനി

കായംകുളം: പത്രങ്ങളി​ൽ വി​വാഹ പരസ്യം നൽകി തട്ടിപ്പ് നടത്തി അറസ്റ്റിലായ യുവതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി വിവരം. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനിയെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

വിവാഹ മോചി​തനായ സുധീഷ് നൽകിയ വിവാഹ പരസ്യംവഴി​ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ 25ന് പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യുകയായി​രുന്നു. ഓച്ചിറ ക്ഷേത്രത്തിൽ വച്ച് ശാലിനിയെ മുൻപരി​ചയമുള്ള ഒരാൾ ഇവരെ കണ്ടതോടെയാണ് ഇവർ തട്ടിപ്പുകാരി​യെന്ന് അറി​യുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി​വാഹ തട്ടിപ്പ് നടത്തിയതിന് ഇവർക്കെതി​രെ കേസുണ്ട്. സുധീഷ് ബാബു പൊലീസിൽ പരാതി നൽകി​യതി​നെ തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പൊലീസ് തന്ത്രപരമായി യുവതി​യെ കസ്റ്റഡി​യിലെടുക്കുകയായിരുന്നു. ഇവർക്കെതി​രെയുള്ള കേസുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അടുപ്പമുണ്ടാക്കി​ തട്ടി​പ്പ് നടത്തും

സുധീഷ്ബാബുവി​ന്റെ പേരിലുള്ള വസ്തുവായിരുന്നു ശാലിനിയുടെ ലക്ഷ്യമെന്നാണ് അറി​യുന്നത്. മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എന്നായിരുന്നു ഇവർ സുധീഷി​നോട് പറഞ്ഞി​രുന്നത്. ഭർത്താവ് മരണമടഞ്ഞുവെന്നും മാതാപിതാക്കൾ ചെറുപ്പത്തിലെ മരി​ച്ചുവെന്നും പറഞ്ഞ ഇവർ ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് കഴി​യുന്നതെന്നും അറി​യി​ച്ചു.

ഫോണിലൂടെ പരിചയപ്പെട്ട ശേഷം എറണാകുളത്തുവച്ചാണ് ഇരുവരും നേരിൽ കണ്ടത്. പിന്നീട്, ഭർതൃസഹോദരിയാണെന്ന പേരിൽ ഏതോ സ്ത്രീ ഫോണിലും വിളിച്ചിരുന്നു. വിവാഹം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട ശാലിനി വിവാഹത്തിന്‌ ഉടനെ പണം കണ്ടെത്താൽ പ്രയാസം ഉണ്ടെന്ന് സുധീഷ് അറിയിച്ചപ്പോൾ രണ്ടര പവൻ ആഭരണം പണയം വയ്ക്കാൻ നൽകി. ഇതിനിടെ വീടിന്റെ ബാദ്ധ്യത തീർക്കാനായി​ ശാലിനി 1,75,000 രൂപയുടെ ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലായിരുന്നു. ഇതിനിടെയാണ് ഇവർ തട്ടിപ്പുകാരിയാണെന്ന വിവരം അറിയുന്നത്.