കോട്ടയം: മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് ജയിംസിന്റെ മകളും കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനിയുമായിരുന്ന ജസ്ന മരിയ ജയിംസിനെ (20) കാണാതായിട്ട് നാളെ ഒരു വർഷം തികയുന്നു. ദുരൂഹത നിറഞ്ഞ സംഭവത്തിൽ നാല് മാസം മുൻപ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. അഭ്യൂഹങ്ങൾക്ക് പിന്നാലെ കേരളത്തിലുടനീളവും ബംഗളൂരു, ചെന്നൈ, ഗോവ, പൂനെ എന്നിവിടങ്ങളിലും പോയി വെറുംകൈയോടെ മടങ്ങിയ ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ കേസ് ഫയൽ മടക്കിയിരിക്കുകയാണ്. വിവാദം സൃഷ്ടിച്ച കേസ് ലോക്കൽ പൊലീസും പിന്നീട് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘവും അന്വേഷിച്ച ശേഷമാണ് തിരുവല്ല ആസ്ഥാനമായ പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജസ്നയെപ്പറ്റി കൃത്യമായ വിവരം നൽകുന്നവർക്കുളള പാരിതോഷകം അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടും അന്വേഷണ സംഘത്തിന് അഭ്യൂഹങ്ങളല്ലാതെ ഒന്നും ലഭിച്ചില്ല.
മാർച്ച് 22ന് രാവിലെ കൊല്ലമുളയിലെ വീട്ടിൽ നിന്ന് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു സമീപവാസിയുടെ ഓട്ടോറിക്ഷയിൽ പോയതായിരുന്നു ജസ്ന . മുക്കൂട്ടുതറ ജംഗ്ഷൻ വരെ ഒാട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. അവിടെ നിന്ന് മുണ്ടക്കയം വഴി എരുമേലി വരെ ബസിൽ പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. വീട്ടിൽ നിന്നു പോയപ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നതാണ് അന്വേഷണത്തിന് തടസമായത്.
ജസ്നയ്ക്കായി ആദ്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിൽ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടന്നു. തുടർന്ന് അനാഥാലയങ്ങളിലും അന്വേഷിച്ചു. സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതിനിടെ കേസ് സർക്കാർ നവംബറിൽ ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചു. ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. ജസ്നയുടതേു പോലെ കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം വ്യാപക അന്വേഷണം നടത്തി. മരിച്ചത് തമിഴ്നാട്ടിലെ യുവതി തന്നെയാണെന്ന് രണ്ടു ദിവസത്തിനുളളിൽ തിരിച്ചറിഞ്ഞിരുന്നു. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജസ്ന യുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിവര ശേഖരണപ്പെട്ടികൾ വച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച കത്തുകളിലെ വിവരങ്ങളെ പിന്തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതിനിടെ, നിർണായക വിവരങ്ങൾ ലഭിച്ചെന്ന് ഡി.ജി.പി പറഞ്ഞത് ആകാംഷ ഉയർത്തിയെങ്കിലും പിന്നീട് ഇതേപ്പറ്റി അദ്ദേഹം മിണ്ടിയില്ല.