കേരളത്തിൽ കഴിഞ്ഞ വർഷം മൂന്ന് ശതമാനം കുറച്ചാണ് തുലാമഴ കിട്ടിയത്. ദേശീയ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ കേരളത്തിൽ പെയ്ത മഴയിൽ 46 ശതമാനത്തിന്റെ കുറവുണ്ടായി. പോരാത്തതിന് അവസാന നാളുകളിൽ പെയ്ത അതിതീവ്ര മഴ വാട്ടർ റീചാർജിംഗിന് ഉതകിയില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായി പെയ്യുന്ന അതിതീവ്രമഴ ഭൂമിയുടെ ഉൾഭാഗത്ത് ശേഖരിക്കപ്പെടാതെ ഒലിച്ചിറങ്ങിപ്പോവും. നിന്നു പെയ്യുന്ന മഴകളാണ് കൂടുതലും ഭൂഗർഭത്തിലേക്ക് ശേഖരിക്കപ്പെടുക. മലമുകളിൽ പെയ്യുന്ന മഴ 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചേരുമെന്നാണ് കണക്ക്. അളവിൽ കൂടുതലാണെങ്കിലും പെയ്ത്തുവെള്ളം ഭൂഗർഭത്തിലേക്ക് എത്തിച്ചേർന്നില്ല. പകരം പുഴകളിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. ഭൂമിക്കടിയിൽ വെള്ളം ശേഖരിക്കപ്പെട്ടില്ല. ഇത് വരൾച്ചയ്ക്ക് വേദിയൊരുക്കിയത്. ഭൂഗർഭ ജലം സാധാരണത്തേതിലും വറ്റി. പൊള്ളുന്ന ചൂടെന്ന് സാധാരണക്കാർ പറയുമ്പോൾ, ഇപ്പോൾ ഇത് സാധാരണയുള്ളത് മാത്രമെന്നും ഇനി വരാനിരിക്കുന്നത് കനത്ത ചൂടായിരിക്കുമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഭൂജലനിരപ്പ് താഴ്ന്നതിനൊപ്പം കൊടുംചൂട് വന്നാൽ ആവശ്യത്തിന് പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാവുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ഭയക്കേണ്ടത് ഈ വർഷം ഇന്ത്യയിൽ സജീവമാവുമെന്ന് പ്രവചിക്കപ്പെടുന്ന എൽ നിനോ പ്രതിഭാസത്തെയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. 2015 - 16 വർഷങ്ങളിൽ എൽ നിനോ പ്രതിഭാസമുണ്ടായപ്പോൾ അത് കേരളത്തെ വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ എൽനിനോ കൂടി സംഭവിച്ചാൽ അതിജീവനം ദുഷ്കരമായിരിക്കും.