1

വിഴിഞ്ഞം: കോവളം ടൂറിസം കേന്ദ്രത്തിന്റെയും, കല്ലിയൂർ, വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തുകളുടെയും ജലവിതരണത്തിന്റെ ഏക ആശ്രയം വെള്ളായണി കായൽ ആക്കിയതോടെ കായലിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. പാച്ചല്ലൂർ, കുമിളി, ആനക്കുഴി, പാലപ്പൂര്, വണ്ടിത്തടം, തിരുവല്ലം, നെടിഞ്ഞൽ എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളിൽ നിന്നായിരുന്നു ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ഈ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ വെള്ളായണി കായൽ കേന്ദ്രമാക്കി കാർഷിക കോളേജിൽ വലിയ ട്രീറ്റ്മെന്റ് പ്ലാന്റ് വന്നതോടെ ചെറിയ പമ്പ് ഹൗസുകൾ പൂട്ടുകയായിരുന്നു. നല്ല നീരുറവ ഉണ്ടായിരുന്ന സ്ഥലങ്ങളിലെ പമ്പ് ഹൗസുകളാണ് നിറുത്തലാക്കിയതെന്നു നാട്ടുകാർ പറയുന്നു. ഇവിടങ്ങളിലെ പമ്പ് ഹൗസുകൾ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. വേനൽക്കാലത്ത് ജല ഉപഭോഗം കൂടുമ്പോൾ ഇപ്പോഴത്തേതിനെക്കാളും ജലനിരപ്പ് കുറയുമെന്നും അധികൃതർ പറയുന്നു. പുതിയ പ്ലാന്റിൽ നിന്നു വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ നുരയ്ക്കുന്ന ചുവന്ന പുഴുക്കളും മാലിന്യവും വ്യാപകമാണെന്ന് പരാതിയുണ്ട്. തുടർന്ന് ജല അതോറിട്ടി അസി. എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജ്, അസി. എൻജിനിയർ സജി എന്നിവർ ഉൾപ്പെട്ട സംഘം കായലിൽ പരിശോധന നടത്തിയിരുന്നു. വെള്ളം വിവിധ ലാബുകളിൽ പരിശോധന നടത്തിയെന്നും ജലം ഉപയോഗയോഗ്യമാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ പുഴുവുണ്ടെന്നും ഇരട്ടിയിലധികം ക്ലോറിൻ ഉപയോഗിച്ചിട്ടും ഇവ ചാകുന്നില്ലെന്നും ജല അതോറിട്ടി ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

 മിർച്ച് ഫ്ളൈ

കായലിലെ ജലനിരപ്പ് താഴ്ന്നതിനാൽ താമരയിലകളും തണ്ടും അഴുകിയുണ്ടാകുന്ന മാലിന്യത്തിൽ വളരുന്ന 'മിർച്ച് ഫ്ളൈ' എന്ന കൊതുകിന്റെ ലാർവയാണ് വെള്ളത്തിൽ കാണുന്ന ചുവന്ന പുഴുവെന്ന് വിദഗ്ദ്ധർ പറയുന്നു. പുഴുവിനെ കൊല്ലാനായി 2 പി.പി.എം ക്ലോറിൻ നൽകിയിരുന്ന സ്ഥലത്ത് ഇപ്പോൾ 4 പി.പി.എം ക്ലോറിനാണ് നൽകുന്നത്. എന്നിട്ടും പുഴുക്കൾ നശിക്കുന്നില്ലെന്നും ഇതിൽ കൂടുതൽ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നത് മനുഷ്യന് അപകടകരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒഴുക്ക് കുറഞ്ഞ കായലിന്റെ ഭാഗത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചതാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. 21.90 എം.എൽ.ഡി സംഭരണ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നു ദിനംപ്രതി 15 എം.എൽ.ഡി ജലം ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.

പമ്പ് ഹൗസ് ജീവനക്കാർ ദുരിതത്തിൽ

ചെറുകിട പമ്പുഹൗസുകൾ നിറുത്തലാക്കിയതോടെ ഏതാനും താത്കാലിക ജീവനക്കാരുടെ ജോലി നഷ്ടപെട്ടു. കുറച്ചുപേരെ പുതിയ പ്ലാന്റിലേക്കു മാറ്റി. 8 മണിക്കൂർ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് 360 രൂപയാണ് വേതനം നൽകുന്നത്. 6 മാസം മുൻപ് 625 രൂപയായി വർദ്ധിപ്പിച്ചുവെന്ന് സർക്കാർ പറഞ്ഞെങ്കിലും ജീവനക്കാർക്ക് ഇതുവരെ അത് നൽകിയില്ലെന്നും ഇപ്പോൾ നൽകുന്നതുതന്നെ വൈകിയാണെന്നും ആക്ഷേപമുണ്ട്.

 പുതിയ പ്ലാന്റിൽ നിന്നു വിതരണം ചെയ്യുന്നത് 15 എം.എൽ.ഡി ജലം

 നേരത്തേ ജലവിതരണം നടത്തിയിരുന്ന 6 ലധികം ചെറുകിട പമ്പ്ഹൗസുകൾ പൂട്ടി

വിതരണം ചെയ്യുന്ന വെള്ളത്തിൽ ചുവന്ന പുഴുക്കളും മാലിന്യവും വ്യാപകം