ജതിംഗ...പച്ചപ്പിനാലും പ്രകൃതിഭംഗിയാലും ആരെയും ആകർഷിക്കുന്ന ഒരിടം...പർവ്വത നിരകളും കാടുകളും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പക്ഷേ മറ്റൊരു പേരിലാണ് പ്രശസ്തം.
പക്ഷികളുടെ മരണതാഴ്വരയെന്ന പേരിൽ. കറുത്തവാവ് നാളിൽ പക്ഷികൾ കൂട്ടത്തോടെ പറന്നെത്തി സ്വയം മരണത്തിനു വിട്ടു നല്കുന്ന ഒരു സ്ഥലമാണ് ഇവിടം പുറംനാട്ടുകാർക്ക്. വടക്കു കിഴക്കൻ ആസാമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നത് പക്ഷികളുടെ ആത്മഹത്യാ താഴ്വരയെന്ന പേരിലാണ്. പക്ഷേ ശാസ്ത്രലോകത്തിന് ഇന്നും ഉത്തരം നല്കാത്ത പ്രഹേളികയാണ് ജതിംഗ. ആസാമിലെ ഗുവാഹത്തിയിൽ നിന്നും 330 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജതിംഗ എന്ന സ്ഥലത്താണ് പക്ഷികളുടെ ആത്മഹത്യ താഴ്വരയുള്ളത്.
ആസാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. വർഷത്തിലെ മിക്കദിവസങ്ങളിലും ഇവിടെ പക്ഷികൾ ആത്മഹത്യ ചെയ്യുറുണ്ടത്രെ! കൂടുതലായും മൺസൂൺ കാലത്തിനു ശേഷമുള്ള സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ കറുത്തവാവ് ദിവസങ്ങളിൽ. മഞ്ഞും ഇരുട്ടും കൂടുതലായി കാണപ്പെടുന്ന ഇത്തരം ദിവസങ്ങളിൽ വൈകിട്ട് ഏഴിനും പത്തിനുമിടയിൽ കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രതിഭാസം. ഗ്രാമീണരുടെ വിശ്വാസങ്ങൾ അനുസരിച്ച് ഏകദേശം 100 വർഷങ്ങൾക്കു മുൻപാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ജതിംഗ സാക്ഷ്യം വഹിക്കാനാരംഭിച്ചത്. അതിനുശേഷം ഇന്നോളം എല്ലാ വർഷങ്ങളിലും പക്ഷികളുടെ ആത്മഹത്യ ഇവിടെ സംഭവിക്കാറുണ്ട്. വെളിച്ചത്തിനു നേരെ പറന്നടുക്കുന്ന പക്ഷികൾ പെട്ടന്ന് ദിശാബോധം നഷ്ടപ്പെട്ടതുപോലെ ഭിത്തികളിലിടിച്ച് മരിക്കുകയാണ് ചെയ്യുന്നത്.