vote

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ പാർട്ടി പ്രാധാന്യം നൽകുന്നത് ബി.ജെ.പി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനാണ്. കോൺഗ്രസിനും അവരുമായി സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർദ്ധിച്ചാൽ മാത്രമേ ദേശീയ തലത്തിൽ ബി.ജെ.പി.യെ മാറ്റി നിറുത്താനുള്ള സാധ്യത തെളിയൂ. എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായ കക്ഷിയല്ല. കേരളത്തിലെ മൂന്ന് വർഷത്തെ ഇടതുഭരണം ജനവിരുദ്ധമാണ്.യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി നേതാക്കളായ കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി, സജീദ് ഖാലിദ്, ജോസഫ് ജോൺ തുടങ്ങിയവരും പങ്കെടുത്തു.