കല്ലറ: ആലസ്യം വിട്ടുണർന്ന് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് പ്രവർത്തകർ. കവലകളിൽ സ്ഥാനാർത്ഥികളുടെ ബോർഡുകളും കൊടി തോരണങ്ങളും നിരന്നു കഴിഞ്ഞു. കൺവെൻഷനുകളും കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് രാഷ്ടീയപ്പാർട്ടികൾ. മേഖലയിൽ വെഞ്ഞാറമൂട്, കല്ലറ, പാങ്ങോട്, ഭരതന്നൂർ തുടങ്ങിയ ഇടങ്ങളിൽ എൽ.ഡി.എഫിന്റെ കൺവെൻഷനുകളും കുടുംബയോഗങ്ങളും നടന്നു. യു.ഡി.എഫും കൺവെൻഷനുകളും ഉടനുണ്ടാകും.
ആറ്റിങ്ങലിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആരെന്ന് ഇനിയും സുവ്യക്തമായിട്ടില്ല . ശോഭാ സുരേന്ദ്രനാണെന്നാണ് കേൾക്കുന്നത്. എങ്കിലും ചുവരെഴുത്തിനായി സ്ഥലം ബുക്ക് ചെയ്യലും പോസ്റ്രർ ഒട്ടിക്കലും ബി.ജെ.പിയും ഘടക കക്ഷിയായ ബി.ഡി.ജെ.എസും തുടങ്ങിക്കഴിഞ്ഞു. നേമം അസംബ്ളി മണ്ഡലത്തിൽ ഒ. രാജഗോപാൽ ജയിച്ചപോലെ, ആറ്റിങ്ങലിലും അട്ടിമറി പ്രതീക്ഷിക്കുകയാണ് ബി.ജെ.പി. സ്ഥാനാർത്ഥി
ആരായാലും പൂർണ പിൻതുണ നൽകാൻ ബി.ഡി.ജെ.എസ് വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ വാമനപരുത്ത് നടന്ന യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇരു പക്ഷത്തിനും വലിയ ഭീഷണി അല്ലായിരുന്നെങ്കിൽ ഇക്കുറി അങ്ങനെയല്ല. എൽ.ഡി.എഫിന്റെ എ. സമ്പത്ത്, യു.ഡി.എഫിന്റെ അടൂർ പ്രകാശ് എന്നിവർക്കെതിരെ ശക്തമായ ത്രികോണ മത്സരത്തിനാണ് ബി.ജെ.പി കളമൊരുക്കുന്നത്. വിജയം ആവർത്തിക്കാൻ ഇടതുപക്ഷം ശ്രമിക്കുമ്പോൾ എങ്ങനെയും മണ്ഡലം തിരിച്ച് പിടിക്കണമെന്നുള്ള വാശിയിലാണ് കോൺഗ്രസ് പ്രവർത്തകർ. അട്ടിമറി മോഹത്തോടെ ബി.ജെ.പിയും.