atl21ma

ആ​റ്റിങ്ങൽ: പൂവമ്പാറ പാലത്തിന്റെ നടപ്പാത തകർന്നു കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. അപകട ഭീഷണി ഉയർത്തുന്ന പാലത്തിലെ നടപ്പാതയിലൂടെ കാൽനടയാത്രക്കാർക്ക് പോകണമെങ്കിൽ സർക്കസ് കാണിക്കണം. രാത്രിയിൽ വരുന്ന വാഹനങ്ങൾ ഇടിച്ചാണ് സ്ലാബുകൾ തകർരുന്നത്. ഓരോ പ്രാവശ്യം സ്ലാബ് തകരുമ്പോഴും അത് മാറ്റിയിടാൻ മാസങ്ങൾ എടുക്കുക പതിവാണ്. ദേശീയ പാത അധികൃതരാണ് ഇതിന്റെ പണി ചെയ്യേണ്ടത്. ആറ്റിങ്ങലിന്റെ കാര്യത്തിൽ അവർ പലപ്പോഴും അലംഭാവം കാട്ടുന്നതായി പരാതിയുണ്ട്.

പാലത്തിന്റെ ഇരുവശത്തും ക്ഷേത്രങ്ങളുണ്ട്. രാവിലെയും വൈകിട്ടും കുട്ടികളും പ്രായമായവരുമുൾപ്പെടെ ധാരാളം പേർ ക്ഷേത്രത്തിൽ പോകാനും മ​റ്റുമായി പാലത്തിലൂടെ നടന്നുപോകാറുണ്ട്. ഇവർക്ക് നടപ്പാതയിൽ നിന്ന് റോഡിലേക്കിറങ്ങി നടക്കേണ്ടുന്ന അവസ്ഥയാണ്. ഇത് അപകടഭീഷണി ഉയർത്തുന്നു. ആ​റ്റിങ്ങലിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന വാഹനങ്ങൾ ടി.ബി ജംഗ്ഷൻ കഴിയുമ്പോൾ സ്പീഡ് കൂട്ടിയാണ് പാലത്തിന്റെ ഭാഗത്തേക്ക് വരുന്നത്. പെട്ടെന്ന് പാലത്തിൽ യാത്രക്കാരെ കണ്ട് വാഹനം ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

ആത്മഹത്യാ പാലമെന്ന് അപകീർത്തി ലഭിച്ച ഒന്നാണ് പൂവൻപാറ പാലം. നിരവധി പേരാണ് ഈ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളത്. പാലത്തിനടുത്ത് ഫയർ ഫോഴ്സ് സ്റ്റേഷൻ വന്നതോടെ ഇവരുടെ അവസരോചിതമായ ഇടപെടൽ മൂലം നിരവധി പേരെ രക്ഷിച്ചു. പാലത്തിൽ നിന്നും ആർക്കും ചാടാനാകാത്ത തരത്തിൽ ഗ്രില്ല് സ്ഥാപിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.