ലോകരാജ്യങ്ങൾക്കൊപ്പം കേരളം ഇന്ന് ജലദിനം ആചരിക്കുന്നത് കൊടിയ വേനൽച്ചൂടിന്റെ സർവദുരിതങ്ങൾക്കും മദ്ധ്യേ നിന്നുകൊണ്ടാണ്. അത്യുഷ്ണത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാനാകാതെ എല്ലാ മേഖലകളിലുമുള്ളവർ പിടയുകയാണ്. സുര്യതാപത്തിനെതിരെ കരുതിയിരിക്കാനുള്ള മുന്നറിയിപ്പുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു.
വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്ന് പുതിയ റെക്കാഡിലെത്തുന്നു. ശരാശരി 78-80 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഒരു ദിവസം ഇപ്പോൾ ഉപയോഗിക്കുന്നത്. സ്വന്തം ആഭ്യന്തര ഉത്പാദനം ഇതിൽ നാലിലൊന്നുമാത്രമാണെന്നോർക്കുക. വർഷത്തിൽ പകുതിയും മഴ ലഭിക്കുന്ന നാടായിട്ടും അണക്കെട്ടുകളെല്ലാം മാർച്ച് മാസം എത്തുംമുമ്പേ മെലിഞ്ഞ് അടിത്തറ കാണത്തക്ക വിധത്തിലായിരുന്നു. അണക്കെട്ടുകളിൽ മാത്രമല്ല, ഇരുകരകളും കവിഞ്ഞൊഴുകിയിരുന്ന വലിയ നദികൾ പോലും നീർച്ചാലുകളാണ് ഇന്ന്. ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് മൈതാനം കണക്കെയായി. ഉയർന്ന പ്രദേശങ്ങളിൽ കിണറുകൾ വരണ്ടതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം ജനുവരിമാസത്തിലേ തുടങ്ങിയിരുന്നു. വറുതിയുടെ നാളുകൾ സൃഷ്ടിക്കുന്ന പലവിധ അങ്കലാപ്പുകൾക്കൊപ്പമാണ് ഭൂഗർഭ ജലശോഷണത്തെക്കുറിച്ച് അധികൃതർ മുന്നോട്ടുവയ്ക്കുന്ന അമ്പരപ്പിക്കുന്ന സ്ഥിതി വിവരങ്ങൾ. കേരളത്തിൽ ഭൂഗർഭ ജലശേഖരം പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് ജലസംരക്ഷണ വിദഗ്ദ്ധന്മാർ പറയുന്നത്. അപകടകരമാണ് ഇൗ സ്ഥിതിയെന്ന് പ്രത്യേകം പറയേണ്ടതില്ല.
വരൾച്ചയുടെ രൂക്ഷത ഏറെ അനുഭവപ്പെടാറുള്ള പാലക്കാട്, കാസർകോട് ജില്ലകളിൽ മാത്രമല്ല ജലാശയങ്ങൾ ധാരാളമുള്ള ആലപ്പുഴ ജില്ലയിൽ പോലും ഭൂഗർഭ ജലശേഖരം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ഥിതിയും ഭിന്നമല്ല. മുക്കാൽ മീറ്റർ മുതൽ രണ്ടുമീറ്റർ വരെയാണ് ഭൂഗർഭ ജലവിതാനം താഴ്ന്നിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ തെക്കൻ ജില്ലകൾ മാത്രമാണ് കുറച്ചെങ്കിലും രക്ഷപ്പെട്ടുനിൽക്കുന്നത്.
സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയ മഹാപ്രളയമുണ്ടായിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ. അഭൂതപൂർവമായ ഇൗ പ്രളയംപോലും സംസ്ഥാനത്തെ ഭൂഗർഭജലനിരപ്പുയർത്താൻ പര്യാപ്തമായില്ലെന്നത് വിസ്മയമായി തോന്നാം. എന്നാൽ വാസ്തവം അതാണെന്ന് ഇൗ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൗമോപരിതലത്തിലെ മേൽമണ്ണുകൂടി അരിച്ചെടുത്താണ് പ്രളയം കടന്നുപോയത്. വെള്ളം അപ്പാടെ ഒഴുകി കടലിലെത്തിയതല്ലാതെ ഭൂഗർഭ ജലശേഖരത്തിന് നേട്ടമൊന്നുമുണ്ടായില്ല. സംഭരണശേഷി നന്നേ കുറഞ്ഞ അണക്കെട്ടുകളും നദികളുമൊക്കെ പതിവുപോലെ മഴക്കാലത്തുമാത്രം ജലസമൃദ്ധിയുടെ ആഹ്ളാദം പകർന്നു. വർഷം തീർന്ന മുറയ്ക്ക് മെലിയുകയും ചെയ്തു.
ഒാരോവർഷവും വേനൽ ദുസ്സഹമാകുമ്പോൾ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഒാർക്കാറുണ്ട്. ഇൗ സന്ദർഭത്തിൽത്തന്നെയാണ് ലോക ജലദിനം എത്താറുള്ളതും. സെമിനാറുകളും പ്രസംഗങ്ങളും ഉദ്ബോധനങ്ങളുമൊക്കെയായി ജലദിനം കടന്നുപോകുമെന്നല്ലാതെ ജലസംരക്ഷണം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാലിക പ്രശ്നമാണെന്ന ബോധം പൊതുവേ ജനങ്ങൾക്കിടയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജലസംരക്ഷണ പ്രവർത്തനങ്ങളിലെ അനാസ്ഥയും മുഖം തിരിഞ്ഞുനിൽക്കലും സൃഷ്ടിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങൾ ആരും മനസിലാക്കുന്നില്ല. ചുട്ടുപൊള്ളുന്ന വേനലിനെക്കുറിച്ച് മനമുരുകുമ്പോഴും സൂക്ഷിച്ചുപയോഗിക്കേണ്ട അമൂല്യ സമ്പത്താണ് ജീവന്റെ നിലനില്പായ ജലമെന്ന വസ്തുത മറന്നുപോകുന്നു.
44 നദികളും വിസ്തൃതമായ കായലുകളും ശുദ്ധജല തടാകങ്ങളും അനേകം ജലസ്രോതസുകളും കൊണ്ട് അനുഗൃഹീതമായ കേരളവും കുടിനീരിനായി വേനൽ എത്തുംമുമ്പേ നെട്ടോട്ടം ഒാടേണ്ടിവരുന്നത് വല്ലാത്ത വിധിവൈപരീത്യമാണ്. തെളിനീർ നൽകുന്ന പുഴകൾ ആവോളം മലിനമാക്കി കുപ്പിവെള്ളത്തിന് പിറകെ പായാനാണ് എല്ലാവർക്കും താത്പര്യം. മലിനമല്ലാത്ത ഒരു നദിപോലും ഇല്ലെന്നായിരിക്കുന്നു. മലിനീകരണ നിയന്ത്രണ നിയമങ്ങൾ ശക്തമാക്കിയതോടെ വ്യവസായശാലകളിൽനിന്നുള്ള മാലിന്യങ്ങൾ നദികളിലും പുഴകളിലും എത്തുന്നത് ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ മാലിന്യനിക്ഷേപങ്ങൾക്ക് സ്ഥിരം ഇടമായതോടെ ജലവാഹിനികളെല്ലാം മരണത്തിന്റെ വക്കിലാണ്. മരണവക്ത്രത്തിൽ നിന്ന് പുഴകളെ വീണ്ടെടുക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജനങ്ങൾകൂടി ബോധവാന്മാരായാലേ ഇതുപോലുള്ള ദൗത്യം വിജയത്തിലെത്തുകയുള്ളൂ. ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ പ്രത്യേക നിയമംതന്നെ ഉണ്ട്. നടപടികളാണ് ഇല്ലാത്തത്.
കാലവർഷം എത്താൻ മൂന്നുമാസത്തിലേറെ കാത്തിരിക്കണം. ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾക്ക് കുടിനീരെത്തിക്കാനുള്ള പലവഴികളും തേടുന്നതിന്റെ കൂടെ വിവിധ ജില്ലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പാറ ക്വാറികളിലുള്ള ജലശേഖരം ഉപയോഗപ്പെടുത്താനാകുമോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നാനൂറിലധികം ക്വാറികൾ ഇത്തരത്തിലുണ്ടാകുമെന്നാണ് കണക്ക്. മാലിന്യമുക്തമെന്ന് പരിശോധനയിൽ തെളിഞ്ഞാൽ ക്വാറികളിലെ വെള്ളം ഉപയോഗിക്കാനാകും. തുടർന്നുള്ള കാലവും അവ വൃത്തിയായി സൂക്ഷിച്ച് നിലനിറുത്താൻ നടപടി ഉണ്ടാകണം. അനിയന്ത്രിതമായ ഭൂഗർഭജല ചൂഷണം തടയാനും അടിയന്തരമായി ശ്രമിക്കണം.