കേരളം ഇന്ന് ആഗോള ജലദിനം ആഘോഷിക്കുന്നത് ഒരു ജലപ്രളയത്തിന്റെ ദുരന്തസ്മരണയിലാണ്.പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ സുരക്ഷിത നില പരിപാലിക്കുന്നതിൽ കടുത്തജാഗ്രതയാണ് പുലർത്തിപ്പോന്നത്. അതുകൊണ്ട് തന്നെ പ്രളയകാലത്ത് നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന അണക്കെട്ടുകളിൽ ഇപ്പോൾ പകുതി ജലശേഖരമാണുള്ളത്. എന്നിരുന്നാലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് ജലസമൃദ്ധിയാണ്. പ്രധാന അണക്കെട്ടായ ഇടുക്കിയിൽ 732 മീറ്റർ അതായത് 2401 അടി ജലമാണുള്ളത്. ഇത് ഡാമിന്റെ പകുതിയോളം വരും. പമ്പ,കക്കി,ഷോളയാർ,ഇടമലയാർ,കുണ്ടല,മാട്ടുപ്പെട്ടി തുടങ്ങി പ്രധാന അണക്കെട്ടുകളിൽ ശേഷിയുടെ 49ശതമാനമാണ് ജലശേഖരമുള്ളത്. സംസ്ഥാനത്തെ പതിനാറോളം പ്രധാന അണക്കെട്ടുകളിലായി 2003.82 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണിപ്പോഴുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇതൊരു റെക്കാഡാണ്.
കൂടുതൽ ജലം കരുതിവയ്ക്കേണ്ടെന്ന് കരുതി പരമാവധി വൈദ്യുതി ഉത്പാദനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും നല്ല ജലശേഖരം അണക്കെട്ടുകളിലുണ്ട്. 2017 ൽ 1414 ദശലക്ഷവും 2016 ൽ 1804 ഉം ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലശേഖരമാണ് ഇൗ ദിവസം ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം 2091 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം കരുതലുണ്ടായിരുന്നു. ജലവർഷം തീരാൻ ഇനി 72 ദിവസമാണ് അവശേഷിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ വൈദ്യുതി ഉത്പാദിപ്പിക്കുകയാണെങ്കിൽ 67 ദിവസത്തിനകം ജലശേഖരം പൂർണമായും തീരും. അത് മുന്നിൽ കണ്ട് മഴയുടെ ലഭ്യതകൂടി കണക്കാക്കി വൈദ്യുതി ഉത്പാദനം നിയന്ത്രിക്കേണ്ടിവരും.
മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നിൽ താഴെ മാത്രമാണ് ജലവൈദ്യുതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്.