മുടപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. സമ്പത്ത്, യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് എന്നിവർ ചിറയിൻകീഴിൽ പര്യടനം നടത്തി. കായിക്കര ആശാൻ സ്മാരകത്തിൽ നിന്നാണ് എ. സമ്പത്ത് പര്യടനം ആരംഭിച്ചത്. കുമാരനാശാന്റെ ശില്പത്തിൽ പുഷ്പാർച്ചന നടത്തി. അഞ്ചുതെങ്ങ് സെന്റ് മേരീസ് പള്ളി, സെന്റ് ജോസഫ് പള്ളി, സെന്റ് ആന്റണീസ് പള്ളി, പൂത്തുറ പള്ളി, സ്നേഹാറാം നേഴ്സറി എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ വോട്ടർഭ്യത്ഥിച്ച ശേഷം നിലയ്ക്കാമുക്ക് ജംഗ്ഷൻ, നിലയ്ക്കാമുക്ക് ചന്ത എന്നിവിടങ്ങളിലെ വ്യാപാരികളോടും കടയുടമകളോടും വോട്ടുകൾ അഭ്യർത്ഥിച്ചു. തുടർന്ന് മണനാക്ക്, തൊപ്പിച്ചന്തയിലെ ചന്തയിലും തിനവിള ഭാഗത്തെ ചന്തയിലും കയറി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ചിറയിൻകീഴ് പണ്ടകശാല മാർക്കറ്റ്, ബസ് സ്റ്റാൻഡ് മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ടാക്സി സ്റ്റാൻഡ്, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പരിസരം, പോസ്റ്റോഫീസ്, അവിടെ നിന്ന് കാൽനടയായി വലിയകട ജംഗ്ഷനിൽ എത്തി ലക്ഷ്‌മീപുരം മാർക്കറ്റ്, പാലകുന്ന്, പുളിമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം കോരാണി, വാളക്കാട്, തോന്നയ്ക്കൽ, മംഗലപുരം, മുരുക്കുംപുഴ, പെരുങ്ങുഴി കയർ സഹകരണ സംഘം എന്നിവിടങ്ങൾ സന്ദർശിച്ചു. സമ്പത്തിനോടൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്, കയർ സംഘം പ്രസിഡന്റ് ആർ. അജിത്ത്, സി. സുര എന്നിവരും ഉണ്ടായിരുന്നു. പര്യടനത്തോടൊപ്പം മുദാക്കൽ, മുട്ടപ്പലം മേഖല കൺവെൻഷനുകളിലും പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ കെ.പി.സി.സി മെമ്പർ എം.എ. ലത്തീഫ്, ഡി.സി.സി സെക്രട്ടറി അഡ്വ. കൃഷ്ണകുമാർ, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അടൂർ പ്രകാശിനെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പം ട്രേഡ് യൂണിയൻ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും ഒത്തുകൂടിയിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് പുളിമൂട് ജംഗ്ഷൻ വരെ സ്ഥാനാർഥി പര്യടനം നടത്തി.