കാട്ടാക്കട: കുറ്റിച്ചൽ ഗവ. മൃഗാശുപത്രി പരിസരത്ത് സിറിഞ്ചുകളും സൂചിയും മരുന്ന് കുപ്പികളും കാലാവധി കഴിഞ്ഞ മരുന്നുകളും കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. പ്രദേശവാസികൾ ഇതിനെതിരെ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പേവിഷബാധയ്ക്കുള്ള മരുന്നുകളും കാലികളുടെ വിവിധ അസുഖങ്ങൾക്കായി ഉപയോഗിച്ച മരുന്നുകളുടെ അവശിഷ്ടങ്ങളുമാണ് ആശുപത്രി പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുന്നത്.
പുരയിടത്തിലെ കിണറിന് സമീപത്തായി കുപ്പികൾ കത്തിച്ച നിലയിലാണ്. മൃഗാശുപത്രി ഉയർന്ന സ്ഥലത്തായതിനാൽ മഴപെയ്താൽ ഇവിടെ നിന്നും മലിന ജലം ഒഴുകി പരിസരത്തെ വീടുകളുടെ കിണറിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. ആശുപത്രി മാലിന്യം കാരണം പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. നിരവധി തവണ അധികൃതരോട് പറഞ്ഞെങ്കിലും അവശിഷ്ടങ്ങൾ മാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.