പൂവാർ: ലോക ജലക്ഷാമ ദിനമായ ഇന്ന് ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ്. മറ്റ് പ്രദേശങ്ങളെപ്പോലെ കുളത്തൂർ, പൂവാർ, കരുംകുളം പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളും വരൾച്ചയുടെ പിടിയിലായി. അടിമലത്തറ മുതൽ പൊഴിയൂർ വരെയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. തീരദേശ മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച കമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും നാളിതുവരെ അതിന്റെ പ്രയോജനം പ്രദേശവാസികൾക്ക് ലഭിച്ചിട്ടില്ല. തീരദേശമായതിനാൽ കിണറുകളും കുഴിക്കാൻ കഴിയില്ല. ഉള്ളതിൽ തന്നെ ഉപ്പ് വെള്ളമായതിനാൽ ഉപയോഗിക്കാൻ കഴിയാറുമില്ല. വേനൽ ആരംഭിച്ചപ്പോൾ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇനിവരുന്ന ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന പേടിയിലാണ് നാട്ടുകാർ.
ഇവിടുത്തെ ജനങ്ങളുടെ ആകെ ആശ്രയം വാട്ടർ ആതോറിട്ടി സ്ഥിപിച്ചിട്ടുള്ള 40ഓളം ടാപ്പുകളാണ്. ഇതിൽ പകുതിയും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. മണ്ണിനടിയിൽ സ്ഥാപിച്ചിട്ടുള്ള കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി മലിനജലം പൈപ്പിലേക്ക് തിരിച്ച് കയറുന്നതും പതിവാണ്. പൊട്ടിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുമ്പോൾ അടുത്ത സ്ഥലം പൊട്ടും.
കരിച്ചൽ പമ്പ് ഹൗസിൽ നിന്നും വരുന്ന ചെളികലർന്ന വെള്ളമാണ് ഇവിടുത്തുകാരുടെ ആകെ ആശ്രയം. എന്നാലിപ്പോൾ അതും കിട്ടാത്ത അവസ്ഥയാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വെള്ളം എത്തുന്നത്. അതും രാത്രികാലങ്ങളിൽ. വെള്ളം എത്തിയാൽ പിന്നീടുള്ള ദിവസങ്ങൾക്കുവേണ്ടി വെള്ളം സംഭരിച്ച് വയ്ക്കുകയാണ് പതിവ്.
വരൾച്ച രൂക്ഷമായതോടെ കുടിവെള്ള മാഫിയകളും രംഗത്തെത്തിയിട്ടുണ്ട്. കരിച്ചൽ കായലിൽ നിന്നും നെയ്യാറിൽ നിന്നും വെള്ളം ടാങ്കുകളിലാക്കി വില്പന നടത്തുകയാണ് പതിവ്. 10 ലിറ്റർ വെള്ളത്തിന്റെ ടാങ്കിന് 100 രൂപവരെയാണ് ഈടാക്കുന്നത്.
കരിച്ചൽ, ഊറ്ററ ഭാഗങ്ങളിലെ കിണറുകളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും ജല വില്പന സംഘം വെള്ളം ശേഖരിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. വാസ്തവത്തിൽ തീരപ്രദേശത്ത് ലഭിക്കുന്നത് ശുദ്ധജലമല്ലെന്നതാണ് വാസ്ഥവം. അതുകൊണ്ടുതന്നെ പകർച്ചവ്യാധികളെയും ഭയകേണ്ട ഗതികേടിലായിരിക്കുകയാണ് നാട്ടുകാർ. നാടു മുഴുവൻ കൊടും ചൂടും വരൾച്ചയും ഭീതി പരത്തുമ്പോൾ തീരദേശം പകർച്ചവ്യാഥിയെയും ഭയക്കുന്നതാണ് കാണാനാവുന്നത്. ഭയം കൂടാതെ ജീവിക്കാൻ ശുദ്ധജല വിതരണം സർക്കാർ അടിയന്തരമായി എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.